ന്യൂദല്‍ഹി : കല്‍ക്കരിപ്പാടം അനുമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കല്‍ക്കരി ഖനന വകുപ്പ് സെക്രട്ടറി എച്ച്. സി. ഗുപതയടക്കം അഞ്ചുപേര്‍ കുറ്റക്കാരെന്ന് സിബിഐ പ്രത്യേക കോടതി. അഴിമതി, കുറ്റകാരമായ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ വാദങ്ങള്‍ക്ക് ഡിസംബര്‍ 3ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
മുന്‍ കല്‍ക്കരി മന്ത്രാലയ ഡയറക്ടര്‍ കെ.സി. സമ്രിയ, ജോയിന്റ് സെക്രട്ടറി കെ. എസ്. ക്രോഫ, വികാസ് മെറ്റല്‍സ് ആന്‍ഡ് പവര്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വികാസ് പട്‌നി, ജീവനക്കാരനായ ആനന്ദ് മാലിക് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
ബംഗാളിലെ കല്‍ക്കരിപ്പാട ഖനാനുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിന്റെ ചുമതല 2012ലാണ് സിബിഐക്ക് കൈമാറുന്നത്.
കല്‍ക്കരിപ്പാട അഴിമതിയില്‍ ഗുപ്ത മുഖ്യ പങ്ക് വഹിച്ചിട്ടുള്ളതായി സിബിഐ കണ്ടെത്തിയിരുന്നു. പിന്നീട് എന്‍ഐഎയുടെ അന്വേഷണത്തില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത് സിബിഐ കോടതി ശരിവെയ്‌ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗുപ്തയ്‌ക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2006- 2008 യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഗുപ്ത വകുപ്പ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചത്. 2008ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു.
















