ഭുവനേശ്വര്‍: പതിനാലാമത് ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തിരശീല ഉയരും. ലോകത്തെ പതിനാറ് മുന്‍നരി ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ, 43 വര്‍ഷത്തിനുശേഷം വീണ്ടുമൊരു ലോക കിരീടമെന്ന ലക്ഷ്യത്തോടെയാണ് അരയും തലയും മുറുക്കി പോരിനിറങ്ങുന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടധാരണം നടത്താമെന്ന പ്രതീക്ഷയിലാണ് മന്‍പ്രീതിന്റെ ഇന്ത്യന്‍ ടീം.
കിരീടത്തിലേക്ക് വഴിതുറക്കാനുളള ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് പൂള്‍ സിയില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. രാത്രി ഏഴിനാണ് ഈ പോരാട്ടം. ഉദ്ഘാടനമത്സരത്തില്‍ വൈകിട്ട് അഞ്ചിന് ബെല്‍ജിയം കാനഡയുമായി കൊമ്പുകോര്‍ക്കും. കലിംഗ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
എട്ട് തവണ ഒളിമ്പിക് കിരീടം നേടിയ ഇന്ത്യക്ക് ലോകകപ്പില്‍ ഒരിക്കലേ ചാമ്പ്യന്‍പട്ടം അണിയാനായൊള്ളൂ. അജിത് പാല്‍ സിങ് നയിച്ച ടീം 1975 ലെ ലോകകപ്പില്‍ കിരീടമണിഞ്ഞു. പിന്നീട് നടന്ന ലോകകപ്പുകളില്‍ ഇന്ത്യ കരുത്തരായ ഹോളണ്ട്, ജര്‍മനി, ഓസ്‌ട്രേലിയ ടീമുകള്‍ക്ക് മുന്നില്‍ അടിതെറ്റിവീണു. 1975 നുശേഷം പത്ത് ലോകകപ്പ് കളിച്ച ഇന്ത്യയുടെ മികച്ച പ്രകടനം 1892 മുംബൈ ലോകകപ്പില്‍ അഞ്ചാം സ്ഥാനം നേടിയതാണ്.
നിലവില്‍ ലോക അഞ്ചാം നമ്പറായ ഇന്ത്യ ആരാധകരുടെ പിന്തുണയില്‍ ഇന്ദ്രജാലപ്രകടനത്തോടെ സെമിയിലേക്കും പിന്നീട് കാലാശക്കളിക്കും യോഗ്യത നേടാനുളള പുറപ്പാടിലാണ്. പറയുന്നത് പോലെ കാര്യങ്ങള്‍ അത്ര ഏളുപ്പമല്ല. രണ്ട് തവണ തുടര്‍ച്ചയായി കിരീടമണിഞ്ഞ ഓസ്‌ട്രേലിയ, ഹോളണ്ട്, ജര്‍മനി, ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീന തുടങ്ങിയവരെ മറികടന്ന് വേണം കിരീടത്തില്‍ മുത്തമിടാന്‍. 2010 ലാണ് ഇന്ത്യ അവസാനമായി നാട്ടില്‍ ലോകകപ്പ് കളിച്ചത്. അന്ന് ന്യൂദല്‍ഹിയില്‍ അരങ്ങേറിയ ടൂര്‍ണമെന്റില്‍ ഇന്ത്യ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇന്ത്യന്‍ കോച്ച് ഹരേന്ദ്ര സിങ്ങിന് ഇത് ജീവന്മരണ പോരാട്ടമാണ്. ഈ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് കിരീടം നിലനിര്‍ത്താനായില്ല. ലോകകപ്പിലും പ്രകടനം മോശമായാല്‍ ഹരേന്ദ്ര സിങ്ങിന്റെ പണിപോകും.
രണ്ട് വര്‍ഷ മുമ്പ് ലക്‌നൗവില്‍ ജൂനിയര്‍ ടീമിനെ ലോകകപ്പ് കിരീടമണിയിച്ച മാജിക് പ്രകടനം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഹരേന്ദ്ര സിങ്. അതിനായി ജൂനിയര്‍ ലോകപ്പ് നേടിയ ടീമിലെ ഏഴു പേരെ സീനിയര്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്്. ഇവര്‍ക്കൊപ്പം സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്, പി.ആര്‍. ശ്രീജേഷ്, അകാശ്ദ്വീപ് സിങ് , വീരേന്ദ്ര ലാക്ര എന്നിവരും ചേരുന്നതോടെ ടീം ശക്തമാകും.
യുവാക്കളും പരിചയ സമ്പന്നരും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം. കഴിഞ്ഞ ലോകകപ്പില്‍ അണിനിരന്ന ഏഴുതാരങ്ങള്‍ ഇത്തവണയും ടീമിലുണ്ട്.
ലോക മൂന്നാം നമ്പറായ ബെല്‍ജിയം, കാനഡ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന പൂള്‍ സി യിലാണ് ഇന്ത്യ മത്സരിക്കുക. ബെല്‍ജിമൊഴിച്ചുളള ടീമുകള്‍ക്കെതിരെ വിജയിക്കാമെന്ന പ്രതീക്ഷയിലാണ്. കാരണം ലോക റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്ക പതിനഞ്ചാം സ്ഥാനത്തും കാനഡ പതിനൊന്നാം സ്ഥാനത്തുമാണ്. ബെല്‍ജിയവുമായുള്ള പോരാട്ടം ഇന്ത്യക്ക് വെല്ലുവിളിയാകും. ബെല്‍ജിയത്തെയും മറികടന്നാല്‍ ഇന്ത്യക്ക് നേരിട്ട് ക്വാര്‍ട്ടറില്‍ പ്രവേശിക്കാം. അല്ലെങ്കില്‍ പിന്നെ ക്വാര്‍ട്ടറിലെത്താന്‍ ക്രോസ് ഓവര്‍ മത്സരം കളിക്കണം. ഡിസംബര്‍ രണ്ടിനാണ് ബെല്‍ജിയവുമായുള്ള പോരാട്ടം. എട്ടിന് കാനഡയേയും എതിരിടും.
2002 നു ശേഷം പതിനാറ് ടീമുകള്‍ മത്സരിക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്. നാല് ടീമുകള്‍ വീതം നാല് പൂളുകളിലായി മത്സരിക്കും. ഓരോ പൂളിലെയും ഒന്നാം സ്ഥാനക്കാര്‍ക്ക് നേരിട്ട് ക്വാര്‍ട്ടറില്‍ കടക്കും. രണ്ട് , മുന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ ക്രോസ് ഓവര്‍ മത്സരങ്ങള്‍ കളിക്കും. ഇതിലെ വിജയികള്‍ക്കും ക്വാര്‍ട്ടറില്‍ കടക്കാം.
ഓസ്‌ട്രേലിയ, ഹോളണ്ട്, ജര്‍മനി എന്നിവയാണ് കിരീടമണിയാന്‍ സാധ്യതയേറിയ ടീമുകള്‍. ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പിലും ഓസീസായിരുന്നു ചാമ്പ്യന്മാര്‍.
















