കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ കോടികളുടെ ഭൂമി ഇടപാട്, ബിഷപ്പ് ഫ്രാങ്കോയുടെ കന്യാസ്ത്രീ പീഡനക്കേസ് തുടങ്ങിയവ പുറത്തു കൊണ്ടുവന്ന, പ്രക്ഷോഭങ്ങള്‍ നയിച്ച, ഫാ. അഗസ്റ്റ്യന്‍ വട്ടോളിയെ പുറത്താക്കാന്‍ നീക്കം. അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്ര്‌ടേറ്റര്‍ വിശദീകരണം തേടി ബിഷപ്പ് മാര്‍ ജേക്കബ് ഫാ. വട്ടോളിക്ക് കത്ത് നല്‍കി.
പുറത്താക്കാന്‍ അതിരൂപത നീക്കം നടത്തുമ്പോള്‍ അകത്തുനിന്നു തന്നെ പോരാട്ടം തുടരാന്‍ ഫാ. അഗസ്റ്റ്യന്‍ വട്ടോളിയും ഒരുങ്ങുന്നു. 25ന് മുന്‍പ് വിശദീകരണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിറോ മലബാര്‍ സഭയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള പ്രതിഷേധ പരിപാടികളില്‍ നിന്നു വിട്ടുനിന്നില്ലെങ്കില്‍ സഭാചട്ടപ്രകാരമുള്ള നടപടിക്ക് ഫാ. വട്ടോളി വിധേയനാകേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ബിഷപ്പ് ഫ്രാങ്കോ പ്രതിയായ ലൈംഗിക പീഡനക്കേസില്‍ ‘സേവ് അവര്‍ സിസ്റ്റേഴ്‌സ് ‘ (എസ്ഒഎസ്) സംഘടനയുടെ കണ്‍വീനര്‍ എന്ന നിലയില്‍ ഫാ. വട്ടോളി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കുറ്റകൃത്യമായി കണ്ടാണ് അദ്ദേഹത്തിന് അതിരൂപത കത്ത് നല്‍കിയത്. എന്നാല്‍, തനിക്കെതിരെ ബിഷപ്പിനെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നാണ് വട്ടോളിയുടെ നിലപാട്.
പുരോഹിതവൃത്തിയില്‍ കുറ്റകരമായ വീഴ്ച വരുത്തിയെന്നും വിരളമായി മാത്രമാണ് ഫാ. വട്ടോളി വിശുദ്ധ കുര്‍ബാന നടത്തുന്നതെന്നുമാണ് അതിരൂപതയുടെ കണ്ടെത്തല്‍. സഭയെ പ്രതിക്കൂട്ടിലാക്കുന്ന രീതിയില്‍ പ്രവര്‍ത്തനം തുടര്‍ന്നാല്‍ അദ്ദേഹത്തെ പൗരോഹിത്യത്തില്‍ നിന്ന് ഒഴിവാക്കാനാണ് നീക്കം.
















