ന്യൂദല്‍ഹി: ശബരിമലയില്‍ ഭക്തര്‍ക്കെതിരായ പോലീസ് നടപടികളെ പിന്നില്‍നിന്ന് നിയന്ത്രിക്കുന്നത് മതതീവ്രവാദ ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന വിവാദ പോലീസ് ഉദ്യോഗസ്ഥന്‍. ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞും കേരളത്തില്‍ തുടരുന്ന ഡിഐജി ഷെഫീന്‍ അഹമ്മദാണ് ശബരിമലയില്‍ അനധികൃത ഇടപെടല്‍ നടത്തുന്നത്. സിപിഎം നേതാവിന്റെ മകന്‍ കൂടിയായ ഇയാളുടെ ശബരിമലയിലെ ‘ഇടപെടലുകള്‍ക്കെതിരെ’ പോലീസിലെ ഒരു വിഭാഗം പ്രതിഷേധത്തിലാണ്.
ഒഡീഷ കേഡര്‍ ഐപിഎസ്സുകാരനായ ഇയാളുടെ ഡെപ്യൂട്ടേഷന്‍ ആഗസ്തില്‍ അവസാനിച്ചു. ഡെപ്യൂട്ടേഷന്‍ നീട്ടിനല്‍കാന്‍ അപേക്ഷ നല്‍കിയെങ്കിലും മതതീവ്രവാദ ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തള്ളി. ഒഡീഷയിലേക്ക് മടങ്ങേണ്ട ഇയാള്‍ മൂന്ന് മാസമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ആശിര്‍വാദത്തോടെ കേരളത്തില്‍ തങ്ങുകയാണ്. ഇതിനിടെ കേഡര്‍ മാറ്റത്തിനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
പോലീസ് ആസ്ഥാനത്തെ ആധുനികവത്കരണത്തിന്റെയും കേരള ആംഡ് പോലീസി (കെഎപി)ന്റെയും ചുമതലയുള്ള ഷെഫീന്‍ അഹമ്മദ്, ലോക്‌നാഥ് ബെഹ്റയുമായുള്ള അടുപ്പമുപയോഗിച്ചാണ് ശബരിമലയില്‍ അനാവശ്യമായി ഇടപെടുന്നത്. ഡിജിപിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനം. കരുതല്‍ തടങ്കലിലെടുത്ത ബിജെപി നേതാവ് കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്യിപ്പിച്ചതും സന്നിധാനത്ത് ശരണം വിളിച്ചതിന് അറസ്റ്റിലായ അയ്യപ്പഭക്തരെ മണിയാര്‍ എആര്‍ ക്യാമ്പിലേക്ക് മാറ്റിയതും ഇയാളുടെ ഇടപെടലിനെ തുടര്‍ന്നാണ്. നിലയ്‌ക്കലില്‍ ഭക്തരെ തല്ലിച്ചതക്കാന്‍ സിപിഎം, പോപ്പുലര്‍ ഫ്രണ്ട് അനുയായികളായ പോലീസുകാരെ തെരഞ്ഞെടുത്ത് നിയോഗിച്ചതിന് പിന്നിലും ഷെഫീനാണെന്ന ആരോപണമുണ്ട്.
സിപിഎം സംഘടനയായ കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ഒ. ഹബീബിന്റെ മകനായ ഷെഫീന് പോപ്പുലര്‍ ഫ്രണ്ട്, പിഡിപി, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ തീവ്ര മുസ്ലിം സംഘടനകളുയുമായി അടുത്ത ബന്ധമാണുള്ളത്. ഇത്തരം സംഘടനകളും സിപിഎമ്മും തമ്മിലുള്ള ഇടപാടുകളിലെ പ്രധാന കണ്ണിയാണ്. പോപ്പുലര്‍ ഫ്രണ്ട് അനുയായികളായ പോലീസുകാര്‍ ഉള്‍പ്പെട്ട പച്ചവെളിച്ചം വാട്‌സ്ആപ് ഗ്രൂപ്പിലുള്ളവരെ സംരക്ഷിച്ചതായി ഷെഫീനെതിരെ ആരോപണമുയര്‍ന്നിരുന്നു.
പോലീസുകാരോട് വിവേചനപരമായി പെരുമാറുന്നതായും പരാതിയുണ്ട്. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ജോലിക്കിടെ സഹപ്രവര്‍ത്തകരോട് വര്‍ഗീയമായി പെരുമാറിയ പോലീസുകാരനെ സംരക്ഷിക്കാനും ഷെഫീന്‍ മുന്നിട്ടിറങ്ങിയിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം കേന്ദ്ര ഏജന്‍സികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
















