ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങള്‍ പരിശോധിക്കുന്നതിന് സമിതി രൂപീകരിക്കും. കരുതല്‍ ധനശേഖരം കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ സമിതി പരിശോധിക്കും. കഴിഞ്ഞ ദിവസം മുംബൈയിലെ ആര്‍ബിഐ ആസ്ഥാനത്ത് ഒന്‍പത് മണിക്കൂറിലേറെ നീണ്ട ഭരണസമിതി യോഗത്തിലാണ് തീരുമാനം.
കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു യോഗം. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ ഭരണസമിതിയിലെ 18 അംഗങ്ങള്‍ പങ്കെടുത്തതായാണ് സൂചന. കിട്ടാക്കടം വര്‍ധിക്കാന്‍ കാരണം ആര്‍ബിഐയുടെ നോട്ടക്കുറവാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കുറ്റപ്പെടുത്തിയിരുന്നു. കിട്ടാക്കടം കാരണം അടിത്തറ തകര്‍ന്ന പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന മൂലധനം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിനും ചെറുകിട വ്യവസായങ്ങള്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കാനും ചട്ടങ്ങളില്‍ ഇളവുവരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: