സന്നിധാനം : ഇരുമുടിക്കെട്ടുമേന്തി മല ചവിട്ടുന്ന അയ്യപ്പന്മാരോടുള്ള പോലീസിന്റെ കിരാതനടപടികള്‍ക്കെതിരെ സന്നിധാനത്തെ പോലീസ് സ്റ്റേഷനില്‍ എം പി മാരായ വി മുരളീധരന്‍,നളീന്‍ കുമാര്‍ കട്ടീല്‍ എന്നിവരുടെ പ്രതിഷേധം.അറസ്റ്റ് ചെയ്യാന്‍ മാത്രം അയ്യപ്പന്മാര്‍ ചെയ്ത തെറ്റെന്താണെന്ന് പോലീസ് വ്യക്തമാക്കണം.എസ് പി പ്രതീഷ്‌കുമാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും വി മുരളീധരന്‍ എം പി ആവശ്യപ്പെട്ടു.
ആറു മണിക്കൂറിലധികം സന്നിധാനത്ത് തങ്ങിയതിന്റെ പേരില്‍ ഇന്ന് പരവൂരില്‍ നിന്നുള്ള 9 അയ്യപ്പന്മാരെയാണ് പോലീസ് കസ്റ്റ്ഡിയിലെടുത്തത്. ശബരിമലയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് പൊലീസ് നല്‍കിയ നോട്ടീസിലെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നാണ് ആരോപണം. നെയ്യഭിഷേകത്തിന് ടോക്കണ്‍ വാങ്ങിയ ഇവരെ അതിനുപോലും സമ്മതിക്കാതെയാണ് പോലീസ് പമ്പയിലേക്ക് കൂട്ടിക്കൊണ്ട് പോയത്.
കഴിഞ്ഞ ദിവസം സന്നിധാനത്ത് നാമജപം നടത്തിയ അയ്യപ്പ ഭക്തരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതിന് പുറമെ ശബരിമല ദര്‍ശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചര്‍, ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ തുടങ്ങിയവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
















