മര്‍ഖാം (കാനഡ): ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലക്ഷ്യാ സെന്നിന് സെമി ഫൈനലില്‍ കാലിടറി. ഇതോടെ ലക്ഷ്യ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ഒന്നാം സീഡ് തായ്‌ലന്‍ഡിന്റെ കുന്‍ലവട്ട് വിദിത്സാണിനോടാണ് ലക്ഷ്യ തോറ്റത്. ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍: 20-22, 21-16, 21-13. വാശിയേറിയ മത്സരം ഒരു മണിക്കൂറും പതിനൊന്ന് മിനിറ്റും നീണ്ടുനിന്നു.
ഇതാദ്യമായാണ് ലക്ഷ്യ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്. ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം കൂടിയായിരിക്കുകയാണ് ലക്ഷ്യ. ഈ വര്‍ഷം ബ്യൂണസ് അയേഴ്‌സില്‍ നടന്ന യൂത്ത് ഒളിമ്പിക്സില്‍ വെള്ളി നേടിയതിനുശേഷമുള്ള ലക്ഷ്യാ സെന്നിന്റെ ഏറ്റവും മികച്ച നേട്ടമാണിത്.
ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ താരമാണ് പതിനേഴുകാരനായ ലക്ഷ്യ സെന്‍. 2008ല്‍ ഇന്ത്യയുടെ സൈന നേവാള്‍ വനിതാ സിംഗിള്‍സില്‍ സ്വര്‍ണം നേടിയിരുന്നു.
നിലവിലെ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ കൂടിയാണ് ലക്ഷ്യ സെന്‍.
















