തിരുവനന്തപുരം: ശബരിമലയില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്. ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കണമെന്ന് ദേവസ്വം കമ്മീഷണര്‍, സംസ്ഥാന പോലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദേശം നല്കി.
അടിയന്തിര നടപടികള്‍ സ്വീകരിച്ച ശേഷം ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചതായി മനുഷ്യാവകാശ കമ്മീഷന് പ്രസ്താവനയില്‍ അറിയിച്ചു. ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂര്‍ നല്കിയ പരാതിയിലാണ് നടപടി. പമ്പയിലും സന്നിധാനത്തും ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് പോലും അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കമ്മീഷന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷനിലെത്തുന്ന ഇതര സംസ്ഥാനക്കാരായ തീര്‍ത്ഥാടകര്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നു. ചെങ്ങന്നൂര്‍, നിലയ്ക്കല്‍ പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പരാതികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള കമ്മീഷന് അംഗം കെ. മോഹന്‍ കുമാറുമായി ആലോചിച്ച ശേഷം ശബരിമല സന്ദര്‍ശിക്കണമെന്ന പരാതിക്കാരന്റെ ആവശ്യത്തില്‍ തീരുമാനം എടുക്കുമെന്നും പി. മോഹനദാസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: