സന്നിധാനം: ശബരിമല ക്ഷേത്രത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനെന്നപേരില്‍ പിണറായി വിജയന്‍ ഹിന്ദു വേട്ട തുടരുന്നു. ഇരുമുടിക്കെട്ടുമായി അയ്യപ്പനെ തൊഴാനെത്തിയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചറെ ഇന്നലെ പുലര്‍ച്ചെ മരക്കൂട്ടത്തു വെച്ച് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ശബരിമലയിലേക്ക് ദര്‍ശനത്തിനായി ഇരുമുടിക്കെട്ടുമായി യാത്രതിരിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ നിലയ്‌ക്കലില്‍ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
ശബരിമലയില്‍ കുരുന്നു മാളികപ്പുറങ്ങള്‍ അടക്കമുള്ള ഭക്തജനങ്ങളെ മണിക്കൂറുകളോളം തടഞ്ഞുവച്ചാണ് പിണറായി സര്‍ക്കാര്‍ ശബരിമലയില്‍ യുദ്ധസമാന അന്തരീക്ഷം സൃഷ്ടിക്കുന്നത്. വിരിവയ്‌ക്കാന്‍ ഇടമില്ല. വഴിപാടുകള്‍ക്ക് സൗകര്യമില്ല. ചെളിവെള്ളം നിറഞ്ഞ ഇടങ്ങളില്‍ കിടന്നുറങ്ങേണ്ടി വരുന്നു.
മണിക്കൂറുകളോളം തടഞ്ഞുവെച്ചും വലിച്ചിഴച്ചുമാണ് ശശികല ടീച്ചറെ അറസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിന് ഭക്തരുടെ പ്രാര്‍ഥനായജ്ഞത്തിന് മുന്നില്‍ മുട്ടുമടക്കി ടീച്ചറെ തടവില്‍ നിന്നു മോചിപ്പിക്കേണ്ടി വന്നതിന്റെ ജാള്യത തീര്‍ക്കാനാണ് രാത്രി സുരേന്ദ്രനെ പിണറായിയുടെ പോലീസ് അറസ്റ്റ് ചെയ്തത്. ഭക്തരുടെ പ്രതിഷേധത്തിന് മുന്നില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. ടീച്ചറെ കരുതല്‍ തടങ്കലില്‍ വച്ച റാന്നി പോലീസ് സ്റ്റേഷനുമുന്നില്‍ ആയിരക്കണക്കിന് കണ്ഠങ്ങളില്‍ നിന്ന് മണിക്കൂറുകളോളം ശരണമന്ത്രങ്ങള്‍ ഉയര്‍ന്നു. ഗത്യന്തരമില്ലാതെ തിരുവല്ല ആര്‍ഡിഒയ്‌ക്ക് മുന്നില്‍ ടീച്ചറെ ഹാജരാക്കി. സന്നിധാനത്ത് ദര്‍ശനം നടത്താനും അനുമതി നല്‍കി. ശബരിമലദര്‍ശനം അനുവദിക്കാതെ ശശികല ടീച്ചറെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിക്കാനായിരുന്നു പോലീസ് പദ്ധതി.
വെള്ളിയാഴ്ച രാത്രി ആറര മണിയോടെയാണ് മരക്കൂട്ടത്ത് എത്തിയ ശശികല ടീച്ചറെയെും സംഘത്തെയും പോലീസ് തടഞ്ഞുവച്ചത്. ദര്‍ശനത്തിന് അനുവദിക്കണമെന്ന ആവശ്യംപോലും പോലീസ് ചെവിക്കൊണ്ടില്ല. ഇതോടെ ടീച്ചര്‍ ഉപവാസം ആരംഭിച്ചു. ആറു മണിക്കൂറിന് ശേഷം ഇരുമുടിക്കെട്ടേന്തിയ ടീച്ചറെ പോലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി. റാന്നിയിലെത്തിച്ച് തടങ്കലിലാക്കി.
ഇതേസമയം സന്നിധാനത്തേക്ക് എത്താന്‍ മലകയറിയ ഭക്തരെ മുഴുവന്‍ മരക്കൂട്ടത്ത് പൂട്ടിയിട്ടു. ആഹാരം പോലും കഴിക്കാനാകാതെ കുട്ടികളടക്കം നൂറുകണക്കിന് പേരാണ് തടങ്കലിലായത്. സന്നിധാനത്ത് നിന്ന് പട്ടികജാതിമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി. സുധീറിനെയും പോലീസ് അറസ്റ്റ് ചെയ്തു. സന്നിധാനത്ത് നിന്ന് ഭക്തരെയാകെ ഒഴിപ്പിച്ചു.
തനിക്ക് വാഹന പാസുണ്ടെന്നും നെയ്യഭിഷേകത്തിനും ഗണപതിഹോമത്തിനും പങ്കെടുക്കാനാണ് പോകുന്നതെന്നും വ്യക്തമാക്കിയെങ്കിലും കെ. സുരേന്ദ്രനെയും ഒപ്പമെത്തിയവരെയും എസ്പി യതീഷ് ചന്ദ്രയാണ് നിലയ്‌ക്കലില്‍ തടഞ്ഞത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പുറപ്പെട്ട സുരേന്ദ്രനെ ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തത്. അയ്യപ്പഭക്തനായ തന്റെ അവകാശമാണ് ശബരിമല ദര്‍ശനം നടത്തുക എന്നതെന്നും പോലീസ് വെടിവച്ചാലും പിന്നോട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത സുരേന്ദ്രനേയും ഒപ്പമുണ്ടായിരുന്ന ബിജെപി തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ എ. നാഗേഷ് അടക്കമുള്ളവരേയും പിന്നീട് ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. സുരേന്ദ്രന്റെ അറസ്റ്റില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. രാത്രി ബിജെപി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇന്ന് സംസ്ഥാനത്താകെ പ്രതിഷേധം സംഘടിപ്പിക്കും. ചിറ്റാര്‍ പോലീസ് സ്‌റ്റേഷന് മുന്നിലും ഇന്നലെ രാത്രി വലിയ പ്രതിഷേധമാണുയര്‍ന്നത്.
പിടിവാശി വിടാന്‍ തയാറല്ല എന്ന സന്ദേശം തന്നെയാണ് ഇന്നലെയും പിണറായി നല്‍കുന്നത്. ശബരിമലയില്‍ കര്‍ശന നിയന്ത്രണം ഒരുക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചത്. സോപാനത്ത് വരെ തോക്കേന്തിയ കമാന്‍ഡോകള്‍ നിലയുറപ്പിച്ചു. സന്നിധാനത്ത് നിന്ന് ഇന്നലെ രാത്രിയും ഭക്തരെ ഒഴിപ്പിച്ചു. രാത്രി ഒന്‍പതിനു ശേഷം പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിടുന്നതും തടഞ്ഞിട്ടുണ്ട്.
അനീഷ് അയിലം
















