തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഹിന്ദു ഐക്യവേദിയും ശബരിമല കർമ്മ സമിതിയും ഇന്ന് ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താലിന് ബിജെപി പിന്തുണ. സമാധാനപരമായ ഹർത്താൽ ആചാരണത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്ന് ബിജെപി ആഹ്വാനം ചെയ്തു.
ഇരുമുടിക്കെട്ടുമേന്തി ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലടീച്ചർ, ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പൃഥ്വിപാൽ, ബിജെപി നേതാവ് പി.സുധീർ ഉൾപ്പെടെ നിരവധി പേരെ യാതൊരു പ്രകോപനവും കൂടാതെ അറസ്റ്റ് ചെയ്ത നടപടിയിൽ ബിജെപി ശക്തിയായി പ്രതിഷേധിക്കുന്നു. ശബരിമലയിൽ പിണറായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പോലീസ് രാജ് അയ്യപ്പഭക്തരെയും വിശ്വാസികളെയും വെല്ലുവിളിക്കുന്നതാണെന്നും ബിജെപി വ്യക്തമാക്കി.
ദർശനത്തിനെത്തിയ സ്വാമി ഭാർഗ്ഗവറാമിനെ പമ്പയിൽ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ മറ്റ് പല ഭക്തന്മാരെയും ഹൈന്ദവ നേതാക്കളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാത്രിയോടെ നിലക്കലിൽ നിന്നും പമ്പയിലേക്കുള്ള ബസ് സർവ്വീസ് നിർത്തിവെച്ചതു മൂലം ആയിരക്കണക്കിന് ഭക്തജനങ്ങൾ കുടിവെള്ളമോ ഭക്ഷണമോ ഇല്ലാതെ നിലക്കിലിൽ കുടുങ്ങിക്കിടക്കുന്നു. സന്നിധാനത്ത് നടപ്പന്തലിൽ ആരെയും കിടക്കാൻ അനുവദിച്ചിട്ടില്ല. പമ്പയിൽ നിന്നും മലകയറി വന്ന ഭക്തന്മാരെ സന്നിധാനത്ത് പ്രവേശിപ്പിക്കാതെ പല സ്ഥലത്തായി വടം കെട്ടി തടഞ്ഞിരിക്കുന്നു. ഇത്തരത്തിൽ സന്നിധാനത്തും പമ്പയിലും നിലക്കലും ഭീകരാവസ്ഥ സൃഷ്ടിച്ച് ഭക്തജനങ്ങൾക്ക് നേരെ നടത്തിയ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ.കുമാർ അറിയിച്ചു.
ശബരിമല തീർത്ഥാടനം, പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ വിഭാഗങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ശബരിമലയെ ഒരു കലാപഭൂമിയാക്കി മാറ്റിയ കേരള സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും പോലീസിന്റെയും നടപടികൾക്കെതിരെ നടത്തുന്ന ഈ ഹർത്താൽ വിജയിപ്പിക്കാൻ കേരള സമൂഹം പൂർണ്ണമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: