നിലയ്ക്കല്‍: കനത്ത മഴയിലും കാല്‍നടയായെത്തിയ ഭക്തരെ നിലയ്ക്കലില്‍ തടഞ്ഞുനിര്‍ത്തി പോലീസ് ക്രൂരത. മണ്ഡല മകരവിളക്ക് ഉത്സവത്തിന് നടതുറന്ന ഇന്നലെ പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഉണ്ടായത്. അതിനെ അവഗണിച്ച് സന്നിധാനത്തേക്ക് നടന്നെത്തിയ കുട്ടികളടക്കമുള്ള തീര്‍ഥാടക സംഘത്തെയാണ് പോലീസ് ഏറെനേരം തടഞ്ഞ് നിര്‍ത്തിയത്. പതിനൊന്ന് മണിയോടെയാണ് ഇവരെ പമ്പയിലേക്ക് കടത്തിവിട്ടത്. ഉച്ചക്ക് 12 മണി മുതലേ കെഎസ്ആര്‍ടിസി ബസ്സുകള്‍ നിലയ്ക്കല്‍നിന്ന് പമ്പയിലേക്ക് വിടുകയുള്ളൂവെന്ന് പോലീസ് അറിയിച്ചിരുന്നു.
എന്നാല്‍ കനത്ത മഴ കാരണം ചുരുക്കം തീര്‍ഥാടകര്‍ മാത്രമാണ് കാല്‍നടയായി പമ്പയിലേക്ക് നീങ്ങിയത്. പത്തനംതിട്ടയില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും പമ്പയിലേക്ക് എത്തിയ ബസ്സുകളും നിലയ്ക്കല്‍ സ്റ്റാന്‍ഡില്‍ പിടിച്ചിടുകയായിരുന്നു. പമ്പയിലേക്ക് സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ തയ്യാറായെങ്കിലും പോലീസ് അനുമതി നല്‍കിയില്ല. ദേവസ്വം ബോര്‍ഡിന്റെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും ജീവനക്കാര്‍ കയറിയ ഏതാനും ബസ്സുകള്‍ മാത്രമാണ് പമ്പയിലേക്ക് കടത്തിവിട്ടത്. ഉച്ചയ്ക്ക് 12 മണിയോടെ കെഎസ്ആര്‍ടിസി ബസ്സുകള്‍ നിലയ്ക്കല്‍ ക്ഷേത്രഗോപുരത്തിന് സമീപം എത്തിച്ചു. എന്നാല്‍ 12.15 ഓടെയാണ് തീര്‍ഥാടകരെയും വഹിച്ചുകൊണ്ടുള്ള ബസ്സുകള്‍ പമ്പയിലേക്ക് പോകാന്‍ പോലീസ് അനുവദിച്ചത്.
മാധ്യമങ്ങളുടെ വാഹനങ്ങളും നിലയ്ക്കലില്‍ പോലീസ് തടഞ്ഞു. ഒബി വാനുകള്‍ മാത്രമാണ് രാവിലെ പമ്പയിലേക്ക് കടത്തിവിട്ടത്. മാധ്യമ പ്രവര്‍ത്തകര്‍ പലതവണ ആവശ്യപ്പെട്ടിട്ടും പോലീസ് വഴങ്ങിയില്ല. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് പോലീസ് സമയം നീട്ടി. പിന്നീട് 1.45ന് പോലീസ് ജീപ്പിന്റെ അകമ്പടിയോടെ കോണ്‍വോയ് ആയാണ് മാധ്യമങ്ങളുടെ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: