പമ്പ: ദേവസ്വം ബോര്‍ഡുമായി ആലോചിക്കാതെ പോലീസ് അയ്യപ്പഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ചൊല്ലി ബോര്‍ഡും പോലീസും തമ്മില്‍ പോര്. സന്നിധാനത്ത് ഭക്തര്‍ രാത്രിയില്‍ തങ്ങരുതെന്ന ഡിജിപിയുടെ നിര്‍ദേശമാണ് ബോര്‍ഡിനെ ചൊടിപ്പിച്ചത്. ഡിജിപിയുടെ നിര്‍ദേശം നടപ്പായാല്‍ പുലര്‍ച്ചെ നെയ്യഭിഷേകം നടത്താതെ ഭക്തര്‍ മലയിറങ്ങേണ്ടി വരുന്നതിനെതിരെ വ്യാപകപ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് ബോര്‍ഡ് അതൃപ്തി പ്രകടിപ്പിച്ചത്. ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലും വിഷയം ചര്‍ച്ച ചെയ്തിരുന്നു. തിരുവനന്തപുരത്ത് ഉന്നതതലത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു.
തീര്‍ഥാടനത്തിന്റെ പ്രധാന വഴിപാടാണ് നെയ്യഭിഷേകം. വൈകിട്ടും രാത്രിയിലും വരുന്ന ഭക്തര്‍ പുലര്‍ച്ചെ നെയ്യഭിഷേകം നടത്തിയതിന് ശേഷമാണ് മലയിറങ്ങുന്നത്. എന്നാല്‍ ഡിജിപിയുടെ നിര്‍ദേശം വന്നതോടെ നെയ്യഭിഷേകം നടത്താന്‍ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇത് ബോര്‍ഡിന് വരുമാനനഷ്ടവും ഉണ്ടാക്കും. ഈ സാഹചര്യത്തിലാണ് ബോര്‍ഡ് രംഗത്ത് വന്നത്. രാത്രിയില്‍ കടകളും അപ്പം, അരവണ കൗണ്ടറുകളും തുറന്നിരിക്കുമെന്നും കടകള്‍ രാത്രിയില്‍ തുറക്കുന്നതിന് തടസ്സമില്ലെന്നും ദേവസ്വം മന്ത്രി അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: