ന്യൂദല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച അലോക് വര്‍മയ്ക്ക് തിരിച്ചടി. അന്വേഷണത്തില്‍ വര്‍മയ്ക്കു ക്ലീന്‍ചിറ്റ് ഇല്ലെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷ (സിവിസി)ന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് കോടതി വ്യക്തമാക്കി.
”സമഗ്രമായ പ്രാഥമിക റിപ്പോര്‍ട്ടാണ് സിവിസി സമര്‍പ്പിച്ചിട്ടുള്ളത്. ചില ആരോപണങ്ങളില്‍ അഭിനന്ദനാര്‍ഹമായ പരാമര്‍ശങ്ങളാണുള്ളത്. എന്നാല്‍ മറ്റ് ചിലതില്‍ അങ്ങനെയല്ല. ഏതാനും ആരോപണങ്ങളില്‍ അന്വേഷണം ആവശ്യമായുണ്ട്. അതിന് സമയം വേണം”. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് തിങ്കളാഴ്ചയ്ക്ക് മുന്‍പായി മറുപടി നല്കാന് അലോക് വര്‍മയോട് കോടതി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ വര്‍മയ്ക്ക് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവര്‍ക്ക് പകര്‍പ്പ് ലഭ്യമാക്കണം. റിപ്പോര്‍ട്ടിന് മറുപടി നല്കാന് സമയം വേണമെന്ന് വര്‍മയുടെ അഭിഭാഷകന് ഫാലി എസ്.നരിമാന് അഭ്യര്‍ഥിച്ചു.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ ആവശ്യം കോടതി തള്ളി. വര്‍മയുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന അസ്താനയുടെ ആവശ്യവും അംഗീകരിച്ചില്ല. അഴിമതി ചൂണ്ടിക്കാട്ടി അസ്താനയാണ് വര്‍മക്കെതിരെ സിവിസിയില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സിബിഐ തലപ്പത്ത് ചേരിപ്പോര് രൂക്ഷമാവുകയും ഇരുവരെയും കേന്ദ്ര സര്‍ക്കാര്‍ ചുമതലകളില്‍നിന്ന് താല്‍ക്കാലികമായി മാറ്റുകയും ചെയ്തു.
ഞാന്‍ നിങ്ങളെ മറന്നുപോയി
വാദത്തിനിടെ കപില്‍ സിബലിനോട് താങ്കള്‍ ആര്‍ക്കുവേണ്ടിയാണ് ഹാജരായതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കോണ്‍ഗ്രസ്സിന്റെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വേണ്ടിയാണെന്ന് സിബല്‍ മറുപടി പറഞ്ഞു. ”ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവ്. ഞങ്ങള്‍ നിങ്ങളെ മറന്നു പോയി” എന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ആന്‍ഡമാനിലേക്ക് സ്ഥലം മാറ്റിയെന്ന് സിബിഐ ഉദ്യോഗസ്ഥന് ബസ്സി പരാതിപ്പെട്ടപ്പോള്‍ അതു നല്ല സ്ഥലമല്ലേയെന്നായിരുന്നു ഗൊഗോയിയുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: