ന്യൂദല്‍ഹി: താജ്മഹലിലെ മുസ്ലിം പള്ളിയില്‍ പതിവു തെറ്റിച്ചുള്ള ‘നമാസ്’ വിവാദം പുതിയ വഴിത്തിരിവിലേക്ക്.
താജ്മഹലില്‍ ജുമാ നമാസിന് (വെള്ളിയാഴ്ച പ്രാര്‍ഥന) മാത്രമാണ് കേന്ദ്ര പുരാവസ്തു വകുപ്പിന്റെ (എഎസ്ഐ) അനുമതിയുള്ളത്. അത് മറികടന്ന് ചൊവ്വാഴ്ചയും മുസ്ലിങ്ങള്‍ പ്രാര്‍ഥന നടത്തിയതോടെ താജിലെ തേജോമഹാലയ ശിവക്ഷേത്രത്തില്‍ പൂജ നടത്താനുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയ ബജ്റംഗ്ദള്‍.
കഴിഞ്ഞ ചൊവ്വാഴ്ച പള്ളിയില്‍ നമാസ് നടത്തുന്നതിന്റെ ദൃശ്യം വൈറലായതോടെയാണ് വിഷയം ബജ്റംഗ്ദള്‍ പോലുള്ള സംഘടനകളുടെ ശ്രദ്ധയില്‍ പെട്ടത്. എന്നാല്‍ 1958ല്‍ പുരാവസ്തു സ്മാരക പരിപാലന നിയമം പ്രാബല്യത്തില്‍ വരുന്നതിന് നാനൂറുവര്‍ഷം മുന്‍പേ തന്നെ പള്ളിയില്‍ നിത്യപ്രാര്ഥനയുണ്ടെന്നാണ് താജ്മഹല്‍ ഇന്തസാമിയ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം സെയ്ദിയുടെ വാദം.
താജ്മഹല്‍ എന്ന തേജോമഹാലയയില് ആരതി നടത്താന്‍ ആഹ്വാനം ചെയ്തതിന് ഒരാഴ്ച തന്നെ ജയിലിലടച്ചെന്ന് ബംജ്റംഗ്ദള് നേതാവ് ഗോവിന്ദ് പരാശര്‍ ആരോപിച്ചു. അതേസമയം നിയമം ലംഘിച്ച് നമാസ് നടത്തിയവര്‍ക്കെതിരേ ഒരു നടപടിയുമില്ല. ഇതേ അവസ്ഥ തുടര്‍ന്നാല്‍ താജ്മഹലില്‍ പൂജ നടത്തുന്നതില്‍ നിന്ന് ആര്‍ക്കും തങ്ങളെ തടയാനാവില്ല. ശിവക്ഷേത്രം തകര്‍ത്ത് മുഗള്‍ ഭരണാധികാരികള്‍ പണിതതാണ് താജ്മഹല്‍, പരാശര്‍ പറഞ്ഞു.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, ജുമാനമാസിന് മാത്രമേ അനുമതിയുള്ളൂവെന്ന വിജ്ഞാപനം താജ്മഹലിന്റെ വടക്ക്, കിഴക്ക് ഗേറ്റുകള്‍ക്കു മുമ്പില്‍ പുരാവസ്തു വകുപ്പ് അധികൃതര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദേശപ്രകാരം വെള്ളിയാഴ്ചകളില്‍ മാത്രം വിശ്വാസികള്‍ക്കായി ഉച്ചക്ക് പന്ത്രണ്ടു മുതല്‍ രണ്ടു വരെ ഗേറ്റുകള്‍ തുറക്കും എന്നും വിജ്ഞാപനത്തിലുണ്ട്.
അല്ലാത്ത ദിവസങ്ങളില്‍ നമാസ് കര്‍ശനമായി വിലക്കുമെന്നും താജ്മഹലിലെ എഎസ്ഐ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് അങ്കിത് നാം ദേവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: