കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്ക് എതിരെ നെടുമ്പാശ്ശേരിയില്‍ നാമജപം നടത്തിയ ഭക്തര്‍ക്കെതിരെ പ്രതികാര നടപടി. കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
അതേസമയം തൃപ്തി ദേശായിക്കും കൂടെയുള്ളവര്‍ക്കുമെതിരെ നെടുമ്പാശേരി പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ആചാരങ്ങള്‍ പാലിക്കാതെ തൃപ്തി ദേശായി എത്തിയത് മത വിശ്വാസത്തെ വെല്ലുവിളിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ചൂണ്ടിക്കാട്ടി യുവമോര്‍ച്ചയാണ് പരാതി നല്‍കിയിരിക്കുന്നത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി പ്രകാശ് ബാബുവാണ് പരാതി നല്‍കിയത്.
എന്നാല്‍ പ്രതിഷേധം ഭയന്ന് ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് ഒമ്പതാം മണിക്കൂറിലും തൃപ്തി ദേശായിയുള്ളത്. വാഹനവും താമസവും സ്വന്തം നിലയ്‌ക്ക് ഏര്‍പ്പാട് ചെയ്താല്‍, സുരക്ഷ ഒരുക്കാമെന്ന് പോലീസ് ആവര്‍ത്തിച്ചു. ഇക്കാര്യത്തിലുള്ള തൃപ്തി ദേശായിയുടെ മറുപടിക്ക് ശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നാണ് പേലീസ് നിലപാട്. ഉടന്‍ നിലപാട് വ്യക്തമാക്കണമെന്നും പോലീസ് തൃപ്തിയെ അറിയിച്ചു.
അതിനിടെ തൃപ്തി ദേശായി സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. തൃപ്തി ദേശായി വിമാനത്താവളത്തില്‍ എത്തിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ വിമാനത്താവളത്തില്‍ അയ്യപ്പഭക്തര്‍ പ്രതിഷേധവുമായി വന്ന് നിറയുകയായിരുന്നു. പൂനെയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തി ദേശായി പുലര്‍ച്ചെ 4.40ന് കൊച്ചിയിലെത്തിയത്.
















