കൊച്ചി: ടിപി വധം, സോളാര്‍ കേസ് എന്നിവയിലെ പോലെ ശബരിമല വിഷയത്തിലും സിപിഎം-കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ്. ഭക്തജനങ്ങളുടെ പിന്തുണ വന്‍തോതില്‍ നേടിയ ബിജെപിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും അതിന്റെ നേട്ടമുണ്ടാക്കരുത് എന്ന അജണ്ടയിലാണ് ഈ ഒത്തുതീര്‍പ്പ്.
ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ ഫോണില്‍ സഹായം തേടി. ചെന്നിത്തല ഇന്നത്തെ സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ ഇറങ്ങിയേക്കും.
എന്‍എസ്എസ്സിനെ അനുനയിപ്പിക്കാന്‍ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവിനെ വിളിച്ചത്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനോടുള്ള വിയോജിപ്പ് ഒഴിവാക്കി, പഴയ സമവായ നിലപാടിലേക്ക് മടങ്ങാന്‍ എന്‍എസ്എസ്സിനെ നിര്ബന്ധിക്കണമെന്നാണാവശ്യം. ഈ മണ്ഡലകാലം കഴിയും വരെ ശബരിമലയില്‍ പഴയസ്ഥിതി, എന്ന ആവശ്യം എന്എസ്എസ്സിന്റേതായി ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായാണ് അറിവ്. എന്നാല്‍ സര്‍വകക്ഷി യോഗകാര്യങ്ങള്‍ മാത്രമേ സംസാരിച്ചുള്ളുവെന്ന് ചെന്നിത്തല ജന്മഭൂമിയോട് പറഞ്ഞു.
സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിക്കും. എന്നാല്‍, പ്രതിപക്ഷ നേതാവ് സമവായത്തിന് നിര്‍ദേശം വയ്ക്കും. കേസ് പരിശോധനയ്ക്കെടുക്കുംവരെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്ക് വിരുദ്ധമായ നിലപാടെടുക്കരുതെന്നായിരിക്കും ചെന്നിത്തല അഭിപ്രായപ്പെടുക. പ്രശ്നപരിഹാരത്തിന് ഇടപെട്ടെന്ന നേട്ടം ചെന്നിത്തലയ്ക്ക് നല്‍കും.
ബിജെപിയേയും സംഘപരിവാറിനേയും ഒറ്റപ്പെടുത്താന്‍ നീക്കം
ബിജെപിയേയും സംഘപരിവാറിനേയും ഒറ്റപ്പെടുത്തി, അവരില്‍നിന്ന് വിശ്വാസികളേയും എന്‍എസ്എസ്സിനേയും അകറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇത് കോണ്‍ഗ്രസ്സിനും ആവശ്യമാണ്. പൊതു അജണ്ടയ്ക്ക്, ടിപി, സോളാര്‍ കേസുകളിലെപ്പോലെ കോണ്‍ഗ്രസ്സും സിപിഎമ്മും ഒത്തുതീര്‍പ്പിലെത്തുകയാണ്.
സിപിഎമ്മിന്റെ കേഡര്‍ വോട്ട് ഉറപ്പിച്ച്, എതിര് വോട്ടുകള്‍ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമായിരുന്നു പിണറായിയുടെ അജണ്ട. പക്ഷേ, പാര്‍ട്ടിയിലും ഇതിനോട് വിയോജിപ്പുണ്ടായി. ഒറ്റയ്ക്കെടുത്ത തീരുമാനവുമായി പോകുന്ന പിണറായിയെ എതിര്‍ക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല.
കോടതിയെ ബഹുമാനിക്കും, വിശ്വാസികളെ മാനിക്കും, അതിന് സര്‍ക്കാര്‍ അധികം പോലീസിനെ വിന്യസിക്കില്ല. കോടതിവിധിയുടെ പേരില്‍ മുമ്പ് ചെയ്തപോലെ ആരേയും പോലീസ് സംരക്ഷിച്ച് മലകയറ്റില്ല. മലകയറാന്‍ വരുന്നവരെ തടഞ്ഞാല്‍ ക്രമസമാധാന വിഷയമായി കൈകാര്യം ചെയ്യും.
സൗകര്യമൊരുക്കല്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഗതാഗതം, ദര്‍ശനം തുടങ്ങി എല്ലാത്തിലും ദേവസ്വം ബോര്‍ഡിനെക്കൊണ്ട് നിയന്ത്രണങ്ങള്‍ നടത്തിക്കും, ഇതാണ് സര്‍ക്കാര്‍ ഈ തീര്‍ഥാടനക്കാലത്ത് ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന് സര്‍വകക്ഷി യോഗത്തിന്റെ അംഗീകാരം നേടുകയാണ് ഇന്നത്തെ യോഗലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: