സഭക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങള്‍ ഉയരുമ്പോള്‍, ആരോപണം സത്യമാണെങ്കിലും കള്ളമാണെന്ന് പറഞ്ഞ് മുദ്രകുത്തി മാറ്റിവെക്കും. ഒപ്പം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്ന് പറയും. അങ്ങനെ സത്യം മൂടിവെക്കാനുള്ള കുഴികള്‍ കുത്തിക്കൊണ്ടിരിക്കുകയാണ് സഭാനേതൃത്വവും കുറെ പി.സി. ജോര്‍ജുമാരും. സഭക്ക് കണ്ണുതുറക്കാന്‍ പേടിയാണ്. വ്യക്തിപരമായി അനുഭവിച്ചുപോരുന്ന സുഖവും അധികാരവും സ്വാധീനവും ഉപയോഗിച്ച് ഉറങ്ങിക്കഴിയാനാണ് ഇപ്പോഴും സഭ ആഗ്രഹിക്കുന്നത്. ഉറക്കംവിട്ടുണരണം. കള്ള ആത്മീയതയും പ്രസംഗവും കേട്ട് ജനങ്ങള്‍ മടുത്തിരിക്കുന്നു.
(യേശുവിന്റെ പാഠങ്ങള്‍ക്കൊത്ത് ജീവിക്കാന്‍
മഠത്തില്‍ തടസ്സങ്ങളുണ്ട് -സിസ്റ്റര്‍ ലൂസി കളപ്പുര- മാധ്യമം)
കടല്‍ത്തീരത്ത് എന്ന കൃതി എഴുതി പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും പാലക്കാടന്‍ ഗ്രാമങ്ങളില്‍ നിസ്സഹായരായ വെള്ളായിയപ്പന്മാരുടെ നിലവിളികള്‍ നിലച്ചിട്ടില്ല. മാറ്റങ്ങള്‍ ഉദ്ഘോഷിച്ച് വിപ്ലവപ്പെരുമ്പറ മുഴക്കുന്നവര്‍ക്കും ഉദ്യോഗസ്ഥ ഭരണക്രമത്തിനും വെള്ളായിയപ്പന്റെ കുടുംബത്തിന്റെയും പാഴുതറക്കാരുടെയും നൊമ്പരത്തെ തടുക്കാന്‍ കഴിയാതെ പോകുന്നത് ചിന്തനീയമാണ്. നിരക്ഷരനും പരാശ്രയമില്ലാത്തവനും സംഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് കണ്ണീരൊഴുക്കാന്‍ അധികമാളുകളുണ്ടാവല്ലെന്നത് നേരറിവാക്കിത്തരുകയാണ് കഥാകാരന്. അധികം സംസാരിക്കാതെ ആശയങ്ങളുടെ ആഴവും പരപ്പും ഭാവനയ്ക്ക് തുറന്നുകൊടുക്കുന്ന പൊതുശൈലി ഈ കഥയിലും ഒ.വി. വിജയന് ആവിഷ്കരിച്ചിട്ടുണ്ട്.
(ഉള്ത്തിരയിളക്കുന്ന ‘കടല്‍ത്തീരത്ത്’
-ഡോ. സംഗീത് രവീന്ദ്രന്- കേസരി)
എനിക്കങ്ങനെ ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം ഒന്നുമില്ല. ബോധ്യപ്പെടുത്താന്‍ നിക്കാറുമില്ല. ഇപ്പോ സിപിഎമ്മുകാര്‍ എന്റെ ഈ വീട് ഏഴുനില കെട്ടിടം ആണെന്നാ പറഞ്ഞത്. നിങ്ങള്‍ ഇപ്പോ വന്നു കണ്ടല്ലോ. എത്ര നിലയുണ്ട് എന്ന്, എണ്ണിക്കോ. ഏഴുനില കെട്ടിടം, കാറ്- എന്തൊക്കെയാണ് ആളുകള്‍ പറയുന്നത്. എന്തായാലും എന്റെ കാര്‍ ഇന്റര്‍നാഷണല്‍ ലെവലില്‍ അറിയപ്പെട്ട കാറാണ്. അതുകൊണ്ട് ഞാനത് വില്‍ക്കില്ല. ടൊയോട്ടയുടെ എത്തിയോസ് ജിഡി കാറാണ്. ഞാനെടുക്കുന്ന സമയത്ത് എട്ട് ലക്ഷത്തോളമായിരുന്നു വില. അതിനാണ് 25 ലക്ഷം, 30 ലക്ഷം എന്നൊക്കെ പറഞ്ഞത്. ശരിക്കും ഞാന്‍ മാനനഷ്ടത്തിന് കേസ് കൊടുത്താല്‍ ഈ എട്ടുലക്ഷം കഴിച്ച് ബാക്കി അവരുടെ അടുത്തുനിന്നു വാങ്ങാമായിരുന്നു.
(രാഷ്ട്രീയ ജീവിതത്തിലെ
തെറ്റായിരുന്നില്ല ബിജെപി ബന്ധം
-സി.കെ. ജാനു
അഭിമുഖം-സമകാലിക മലയാളം)
മലപ്പുറം ജില്ലയിലെ കളിയാട്ടക്കാവിലെ വാര്‍ഷിക ഉത്സവം കളിയാട്ടം എന്ന പേരില്‍ത്തന്നെയാണ് അറിയപ്പെടുന്നത്. ജന്മിത്തകാലത്തെ കാര്‍ഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് കളിയാട്ടം.
ഏഴുദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഉത്സവം ജാതിശ്രേണിക്കനുസൃതമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും അവസാനത്തെ ദിവസമാണ് ദളിതരുടെ വരവുകള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. അന്നുതന്നെയാണ് പറയവിഭാഗക്കാരുടെ കാര്‍മ്മികത്വത്തില്‍ കോഴിക്കുരുതി നടക്കുന്നത്. കളിയാട്ടത്തിന് പോകുന്നതിനു മുന്നോടിയായി അതത് പ്രദേശത്തെ കീഴാളസമുദായങ്ങളുടെ വീടുകളിലോ അവരുടെ ആരാധനാപരിസരങ്ങളിലോ കോഴിവെട്ട് തുടങ്ങിയ ആചാരങ്ങള്‍ നടത്തും.
(ബ്രാഹ്മണാധിനിവേശവും കാവുകളും
-ഡോ. പി.ആര്. ഷിത്തോര്‍- ചന്ദ്രിക)
ശബരിമല വിധിയില്‍ പുനഃപരിശോധന വേണമെന്ന് തന്നെയാണ് ക്ഷത്രിയ ക്ഷേമസഭയുടെയും പന്തളം കൊട്ടാരത്തിന്റെയും നിലപാട്. ശബരിമല ക്ഷേത്രത്തില്‍ വിശ്വാസികള്‍ പാലിക്കുന്ന സമ്പ്രദായങ്ങളെല്ലാം കാലാകാലങ്ങളായുള്ളതാണ്. അതിന് ഭരണഘടനയുടെ 25 (1) വകുപ്പിന്റെ സംരക്ഷണമുണ്ട്. പ്രതിഷ്ഠയുടെ സ്വഭാവമനുസരിച്ചുള്ളതാണ് സമ്പ്രദായം. ദൈവികമായത് കോടതിയുടെ പരിശോധനയ്ക്ക് അതീതമാണ്. ശബരിമലയിലെ ആചാരങ്ങള്‍ ദൈവികമാണ്. അത് സംരക്ഷിക്കപ്പെടണം. അതിനായി അന്തിമവിജയം വരെ പോരാടും.
(ശബരിമലക്ഷേത്രം
പന്തളം കൊട്ടാരത്തിന്റേതാണ്
-ആത്മജവര്‍മ്മ തമ്പുരാന്- കേരളശബ്ദം)
ക്രൈസ്തവസഭ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഈയിട പങ്കെടുത്തു തുടങ്ങിയിട്ടുണ്ടെങ്കിലും മദ്യപാനവും മദ്യാസക്തിയും കുടിയേറ്റ പ്രദേശങ്ങളിലും മറ്റും ഏതുവിധം സാമൂഹിക പ്രശ്നമായിട്ടുണ്ട് എന്ന് ഗൗരവത്തോടെ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. ഒരുപക്ഷേ, മദ്യരഹിത കേരളത്തിന്, മദ്യാസക്തിയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കുന്നതിന് ക്രൈസ്തവസഭയോളം മറ്റൊരു സംഘത്തിനും സാധ്യമല്ല എന്നതാണ് സത്യം.
(മതങ്ങളുടെ മദ്യനയം എന്താണ്-
-എന്‍.പി. ഹാഫിസ് മുഹമ്മദ്- കലാകൗമുദി)
ഗുരു എന്നിലുണ്ടാക്കിയ സ്വാധീനം പറഞ്ഞറിയിക്കാനാവില്ല. ജീവിതത്തിന്റെ ഓരോഘട്ടത്തിലും ഗുരുവിന്റെ വചനങ്ങള്‍ അഭയമായിട്ടുണ്ട്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ദര്‍ശനത്തിലൂടെ മാനവികതയുടെ അതുല്യമായ ഒരു സമവാക്യത്തെയാണ് അദ്ദേഹം സമൂഹത്തിന് പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന് മനുഷ്യന് എന്ന പരിഗണനയേ ഉണ്ടായിരുന്നുള്ളൂ. അതുതന്നെ മറ്റു ജീവജാതികളുടെ കൂട്ടത്തിലുള്ള ഒന്ന് എന്ന നിലയ്ക്കു മാത്രം. പുണര്‍ന്നു പെറുന്നതെല്ലാം ഒരിനം! അതാണ് അദ്ദേഹത്തിന്റെ ദര്‍ശനം.
(എനിക്ക് ആത്മാദരമുണ്ട്, അത് തെറ്റാണോ?
-സുഭാഷ് ചന്ദ്രന്- അഭിമുഖം -രിസാല)
പ്രതികരിക്കാൻ ഇവിടെ എഴുതുക: