തിരുവനന്തപുരം: നിലവിലുള്ള 8 ആയുഷ് ഗ്രാമങ്ങള്‍ക്ക് പുറമേ സംസ്ഥാനത്ത് 8 ആയുഷ് ഗ്രാമങ്ങള്‍ കൂടി പുതുതായി സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ദേശീയ ആയുഷ് മിഷന്റെ സഹായത്തോടെയാണ് ആയുഷ് ഗ്രാമങ്ങള്‍ സ്ഥാപിക്കുന്നത്.
കണ്ണൂര്‍ കൂത്തുപറമ്പ്, കോഴിക്കോട് കുന്നുമ്മല്‍, പാലക്കാട് ഒറ്റപ്പാലം, മലപ്പുറം നിലമ്പൂര്‍, വയനാട് മാനന്തവാടി, തൃശൂര്‍ ഇരിങ്ങാലക്കുട, പത്തനംതിട്ട മല്ലപ്പള്ളി, ആലപ്പുഴ അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് ആയുഷ് ഗ്രാമങ്ങള്‍ സ്ഥാപിക്കുക. ഓരോ ആയുഷ് ഗ്രാമത്തിനും 10 ലക്ഷംരൂപ വീതം അനുവദിച്ചിട്ടുണ്ട്. ഒരു സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ഒരു യോഗ ട്രെയിനര്‍, ഒരു ഹെല്പര് അല്ലെങ്കില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ എന്നിവര്‍ ഈ ആയുഷ് ഗ്രാമത്തിലുണ്ടാകും.
ആധുനികവത്ക്കരണത്തിന്റെ ഭാഗമായി ജീവിത ശൈലിയിലുണ്ടായ മാറ്റംകാരണം പകര്‍ച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും ഉയര്‍ന്നു വരുന്നതിനാല്‍ ഇതില്‍ നിന്നൊരു മോചനം എന്ന നിലയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ആയുഷ് ഗ്രാമങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. കാസര്‍ഗോഡ് ഉദുമ, കണ്ണൂര്‍ മട്ടന്നൂര്‍, തിരുവനന്തപുരം പെരുങ്കടവിള, കൊല്ലം ഇത്തിക്കര, കോട്ടയം പള്ളം, എറണാകുളം മൂവാറ്റുപുഴ, ഇടുക്കി മുട്ടം, തൃശൂര്‍ ചാവക്കാട് എന്നിവയാണ് നിലവിലുള്ള ആയുഷ് ഗ്രാമങ്ങള്‍.
ജീവിത ശൈലിയില്‍ മാറ്റം വരുത്തി ജീവിതശൈലീ രോഗങ്ങളും പകര്‍ച്ചവ്യാധികളും തടയുക, അതിലേക്ക് ആരോഗ്യകരമായ ആഹാരവും ജീവിത രീതികളും പ്രോത്സാഹിപ്പിക്കുക എന്നതാണ് ആയുഷ് ഗ്രാമം ലക്ഷ്യം വയ്ക്കുന്നത്. ഇതോടൊപ്പം ജീവിതശൈലീ രോഗങ്ങള്‍ക്കെതിരായി ആയുഷ് വിഭാഗങ്ങളെ ഏകോപിപ്പിച്ച് രോഗ പ്രതിരോധം ശക്തിപ്പെടുത്തുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക, സമീപ പ്രദേശങ്ങളില്‍ ഔഷധ സസ്യങ്ങള്‍ വച്ച് പിടിപ്പിച്ച് ശുദ്ധമായ അന്തരീക്ഷം ഒരുക്കുക, മലേറിയ, ക്ഷയരോഗം, ഡിഫ്റ്റീരിയ തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിരോധവും ചികിത്സയും സംബന്ധിച്ച അവബോധം നടത്തുക എന്നിവയും ലക്ഷ്യം വയ്ക്കുന്നു.
ബിഹേവിയറല്‍ ചേഞ്ച് കമ്മ്യൂണിക്കേഷനിലൂടെ ആയുഷ് അധിഷ്ഠിത ജീവിതശൈലി പ്രോത്സാഹിപ്പിക്കും. ഇതിന്റെ ഭാഗമായി ആശ വര്‍ക്കര്‍മാര്‍, ആംഗന്‍വാടി ജീവനക്കാര്‍, വില്ലേജ് ഹെല്‍ത്ത് വര്‍ക്കേഴ്സ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും. യോഗ ശീലമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. ഇതോടൊപ്പം പശു, എരുമ, ആട് എന്നിവയുടെ പാല്, ജൈവ പച്ചകറികള്‍ എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് എന്നിവയുടെ സഹകരണത്തോടെയാണ് ഔഷധ സസ്യങ്ങള്‍ വച്ച് പിടിപ്പിക്കുക. വാര്‍ഡ് കൗണ്‍സിലര്‍, പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എം.എല്‍.എ, എംപി എന്നിവരുടെ പങ്കാളിത്തവും ഉറപ്പാക്കും.
മികച്ച ആരോഗ്യത്തിനായി കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, വാട്ടര്‍ അതോറിറ്റി, സാനിറ്റേഷന്‍, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം എന്നീ വിഭാഗങ്ങളുടേയും പിന്തുണ ഉറപ്പാക്കും. ഒരോ സ്ഥലത്തേയും ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തി അത് പരിഹാരം കാണുന്ന തരത്തിലായിരിക്കും ആയുഷ് ഗ്രാമം പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: