തൃശൂര്‍: അഭിമന്യു വധക്കേസില്‍ പ്രതിസ്ഥാനത്തുള്ള എസ്ഡിപിഐ അനുഭാവി ഉള്‍പ്പെടെ നിരവധി പേരെ കിലയില്‍ മന്ത്രി കെ.ടി. ജലീലിന്റെ താല്‍പ്പര്യപ്രകാരം അനധികൃതമായി നിയമിച്ചുവെന്ന് അനില്‍ അക്കര എംഎല്‍എ. ഇത് സംബന്ധിച്ച് നിയമസഭയില്‍ ചോദ്യത്തിന് തെറ്റായ മറുപടിയാണ് മന്ത്രി നല്‍കിയത്. നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അവകാശലംഘനത്തിന് പരാതി നല്‍കിയിട്ടുണ്ട്.
കിലയിലെ നിയമനങ്ങള്‍ മുഴുവന്‍ പിഎസ്സി വഴി നടത്തണമെന്ന് മന്ത്രി കൂടി അംഗമായ കില നിര്‍വാഹക സമിതി തീരുമാനമെടുത്തിട്ടുള്ളതാണ്. മാത്രമല്ല 90 ദിവസത്തില്‍ കൂടുതല്‍ വരുന്ന താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്നും, സര്‍ക്കാര്‍ ഉത്തരവുണ്ട്. ഈ ഉത്തരവുകള്‍ പൂര്‍ണമായി ലംഘിച്ചാണ് കിലയില്‍ മന്ത്രിയും കില ഡയറക്ടറും നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്.
പരസ്യം നല്‍കുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്യാതെ അപേക്ഷ പോലും വാങ്ങാതെയാണ് പത്തോളം പേരെ മന്ത്രി നേരിട്ട് നിയമിച്ചത്. ഇവര്‍ നാട്ടുകാരാണെന്നാണ് കിലയുടെ വിശദീകരണം. എന്നാല്‍, കില നില്ക്കുന്ന മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പരിധിയില്‍ വരാത്ത നിരവധി പേരെ നിയമിച്ചിട്ടുണ്ട്. ഈ നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും പരാതി അയച്ചിട്ടുണ്ട്.
എസ്ഡിപിഐ അനുഭാവിയെ മന്ത്രി ജലീല്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ചുമതലയില്‍ നിന്ന് മാറുന്നതിന് തൊട്ടുമുന്‍പായി ഇല്ലാത്ത തസ്തികയില്‍ തിരക്കിട്ട് നിയമിക്കുകയായിരുന്നു. എസ്ഡിപിഐയും ജലീലും തമ്മിലുള്ള രഹസ്യബന്ധമാണ് വെളിവാകുന്നതെന്നും അനില്‍ അക്കര പറഞ്ഞു. കിലയില്‍ നടന്നിട്ടുള്ള അനധികൃത നിയമനങ്ങള്‍ മുഴുവന്‍ പുതുതായി ചുമതലയേറ്റ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് അന്വേഷിക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ഡിസിസി വൈസ് പ്രസിഡന്റ് രാജേന്ദ്രന് അരങ്ങത്തും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: