മധൂര്‍ (കാസര്‍കോട്): ശബരിമലയെ നശിപ്പിക്കാന്‍ കഴിഞ്ഞ 60 വര്‍ഷമായി സിപിഎം ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന്‍പിള്ള. അവസാന ബിജെപി പ്രവര്‍ത്തകന്റെ അവസാന തുള്ളി രക്തം അവശേഷിക്കുന്നതു വരെ ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ മധൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസത്തെ സംരക്ഷിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ കേസെടുത്ത് നശിപ്പിക്കാന്‍ നോക്കിയാല്‍ നിയമം കൊണ്ട് തന്നെ അതിനെ ചെറുക്കും. ദേശാഭിമാനിയുടെ ഒന്നാം പേജില്‍ മാപ്പപേക്ഷിച്ച സംഭവം പിണറായി വിജയന്‍ മറക്കരുത്. എകെജിയുടെ കാലം മുതല്‍ ശബരിമലയെ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചു വരികയാണ്. ശബരിമല തീവെച്ചതല്ല തീപിടിച്ചതാണെന്നാണ് സിപിഎമ്മുകാര്‍ പ്രസംഗിച്ച് നടന്നത്. വിശ്വാസം തകര്‍ക്കാനും വിശ്വാസികളെ വേട്ടയാടാനുമാണ് സിപിഎം എന്നും ശ്രമിച്ചത്.
ഇതിന്റെ ഭാഗമായാണ് തെറ്റുതിരുത്തല്‍ ക്യാമ്പയിന്‍ എന്ന പേരില്‍ പ്രചരണം നടത്തിയത്. മതപരമായ വിശ്വാസങ്ങളും വ്യക്തിപരമായ ആചാരങ്ങളും പാര്‍ട്ടി അംഗങ്ങള്‍ പിന്തുടരുതെന്നാണ് 19ാം പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയത്. ഈ തീരുമാനം നടപ്പാക്കാനാണ് വീണു കിട്ടിയ സുപ്രീംകോടതി വിധി ആയുധമാക്കുന്നത്.
കണ്ണൂര്‍ പ്രസംഗത്തിന്റെ പേരില്‍ ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷനെതിരെ ചിലര്‍ രംഗത്ത് വന്നത് അപഹാസ്യമാണ്. കോടതി വിധികള്‍ പ്രായോഗികമാകണമെന്ന് പ്രസംഗിച്ച അമിത് ഷായ്‌ക്കെതിരെ രംഗത്ത് വന്ന ഇടത് അനുകൂലികളായ 18 സാഹിത്യകാരന്‍മാര്‍ ചരിത്രം പഠിക്കണം. അമിത് ഷായുടെ പ്രസംഗം കോടതിയലക്ഷ്യമാണെങ്കില്‍ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിനെതിരെ കേസ് കൊടുക്കാന്‍ ഇവര്‍ തയ്യാറാകണം. ഹര്‍ത്താലുകള്‍ നിരോധിച്ച കോടതി വിധി അപ്രായോഗികമാണെന്ന് ചൂണ്ടിക്കാണിച്ചത് എച്ച് എല്‍ ദത്തുവാണ്. അമിത് ഷായ്‌ക്കെതിരെ രംഗത്തു വന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ്.
വിഷാദ രോഗം ബാധിച്ചതിനാലാണ് സിപിഎമ്മും പിണറായി വിജയനും പിച്ചും പേയും പറയുന്നത്. ഈ രോഗം സിപിഎമ്മിന്റെ അന്തകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ചാ വേദിയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ട് പോകില്ല. ആ പ്രസംഗത്തിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
















