മാനന്തവാടി: പലായനത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇന്ന് മൂരിഅബ്ബ. കര്‍ണാടകയിലെ ദൊട്ടബൈരകുപ്പയില്‍ ബേഡഗൗഡ വിഭാഗക്കാര്‍ നടത്തുന്ന പരമ്പരാഗത ആചാരമാണ് മൂരിഅബ്ബ.
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം ഭയന്ന് പ്രാണനുംകൊണ്ട് പലായനം ചെയ്ത് ചിത്രദുര്‍ഗയില്‍ നിന്നുള്ള ബേഡഗൗഡര്‍ കബനിക്കരയില്‍ എത്തിയതിന്റെ ഓര്‍മപുതുക്കല്‍ കൂടിയാണിത്. ദീപാവലി ആഘോഷത്തിന്റെ ഭാഗം കൂടിയാണ് ഈ ആചാരം.
ദീപാവലിക്കുശേഷം വരുന്ന അമാവാസിയുടെ പിറ്റേദിവസം കബനിയുടെ തീരത്തെ ഏഴ് പുരാതന ജനവാസകേന്ദ്രങ്ങളില്‍നിന്ന് വ്രതാനുഷ്ഠാനങ്ങളോടെ അണിയിച്ചൊരുക്കിയ കാളക്കൂട്ടങ്ങളെ ബൈരക്കുപ്പ ബസവേശ്വര ഭൈരവി ക്ഷേത്രാങ്കണത്തിലേക്ക് ആനയിക്കും. വിവിധ വിഭാഗങ്ങളുടെ കാളക്കൂട്ടങ്ങള്‍ ഇവിടെ നടത്തുന്ന കാളയോട്ടത്തെയാണ് മൂരിഅബ്ബ എന്നും മൂരിചാട്ടം എന്നും വിളിക്കുന്നത്.
ആഘോഷങ്ങള്‍ക്ക് പുറപ്പെടുന്നതിന് മുന്‍പ് എല്ലാ സംഘങ്ങളും കാളകളുമായി കബനീ തീരത്തെത്തി പുഴയോരത്ത് തിരിതെളിച്ച്, നാളികേരമുടച്ച് കബനിയെ വണങ്ങിയാണ് ബൈരകുപ്പ ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുന്നത്. അതിര്‍ത്തിയിലെ വിളവെടുപ്പ് ഉത്സവം കൂടിയാണ് മൂരിഅബ്ബ.
















