ഗുവഹാത്തി : മിസോറാം ചീഫ് ഇലക്ഷന്‍ കമ്മീഷനെ മാറ്റണമെന്നാവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്റെ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. നവംബര്‍ 28ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇലക്ഷന്‍ കമ്മീഷന്‍ എസ്. ബി. ശശാങ്കിനെ മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഐസ്‌വാള്‍ ട്രഷറി സ്വകയറിനു മുമ്പാകെ ആയിരക്കണക്കിനാളുകള്‍ തടിച്ചു കൂടിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ എട്ടുമണി മുതല്‍ നാലുമണിക്കൂറോളം പ്രദേശത്തെ ഗതാഗത സൗകര്യം താറുമാറായി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി കൈകടത്തുന്നു എന്ന് ആരോപിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ലാല്‍നിന്‍സാവിയ ചൗവുങ്കോയെ നീക്കിയിരുന്നു. ശശാങ്കിന്റെ പരാതിയെ തുടര്‍ന്നാണ് ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ ഇയാളെ നീക്കിയത്.
ശശാങ്കിനെ മാറ്റണമെന്ന ആവശ്യം ഇതോടെയാണ് കൂടുതല്‍ ശക്തമായിരിക്കുന്നത്. അതേസമയം ഇലക്ട്രല്‍ റോളുകളില്‍ സംസ്ഥാന മുഖ്യമന്ത്രി കൈകടത്തുന്നുണ്ടെന്ന് ശശാങ്ക് അരോപിച്ചു.
നവംബര്‍ അഞ്ചിനു മുമ്പാകെ ശശാങ്ക് ജോലിയില്‍ നിന്ന് അവധിയെടുത്ത് സംസ്ഥാനം വിടണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ശശാങ്കിനെ മാറ്റണമെന്നാവശ്യപ്പെട്ട് മിസോറാം മുഖ്യമന്ത്രി ലാല്‍ തന്‍ഹൗള പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. ചീഫ് ഇലക്ട്രല്‍ ഓഫീസറെ ആ സ്ഥാനത്തേയ്‌ക്ക് നിയമിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
















