പമ്പ: ആചാരലംഘനം നടത്തി ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ആറു യുവതികള്‍ ഭക്തരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങി. ആന്ധ്രയില്‍ നിന്നുളള യുവതികളാണ് അവിടെ നിന്നുള്ള ഭക്തജന സംഘത്തിനൊപ്പം ഉണ്ടായിരുന്നത്. ഇവര്‍ കെഎസ്ആര്‍ടിസി ബസ്സില്‍ കയറിയപ്പോള്‍ മറ്റ് ഭക്തര്‍ ഇവരോട് ആചാരത്തിന്റെ കാര്യങ്ങള്‍ പറഞ്ഞിരുന്നു.
പമ്പയിലെത്തിയപ്പോള് ഭക്തജന പ്രതിഷേധമുണ്ടായി. തുടര്‍ന്ന് പോലീസ് ഇടപെട്ടു. സുരക്ഷ ആവശ്യമില്ലെന്നും ആചാരലംഘനം നടത്തില്ലെന്നും പറഞ്ഞ് ഇവര്‍ ഇന്നലെ അതിരാവിലെ നിലയ്ക്കലിലേക്ക് മടങ്ങി.
തിങ്കളാഴ്ച വൈകിട്ട് ആചാരലംഘനത്തിന് എത്തിയ ചേര്‍ത്തല സ്വദേശനി അഞ്ജു എന്ന പേരുള്ള യുവതി ചൊവ്വാഴ്ച പുലര്‍ച്ചെ ദര്‍ശനം നടത്താതെ മടങ്ങി. തിങ്കളാഴ്ച വൈകിട്ടാണ് ഇവര്‍ പമ്പാ പോലീസിനെ സമീപിച്ചത്.
ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം എത്തിയ ഇവരുമായി പോലീസ് ഏറെനേരം ചര്‍ച്ച നടത്തി. ഇവരുടെ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എത്തിയതെന്ന വിവരവും പുറത്തുവന്നു. ഭര്‍ത്താവിന്റെ ക്രിമിനല്‍ പശ്ചാത്തലം അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷം ഇവരോട് മടങ്ങി പോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. യുവതി പോലീസ് സുരക്ഷ ആവശ്യപ്പെടാനും തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: