തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ജലീലിനെതിരായ ആരോപണം ഗൗരവമായി കാണേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ന്യൂനപക്ഷ സമുദായാംഗമായ ജലീലിനെതിരെ നീങ്ങിയാല്‍ അത് കൂടുതല്‍ തിരിച്ചടിയാവുമെന്ന് സിപിഎമ്മും ഭയക്കുന്നു. അതേസമയം, ആരോപണം തള്ളിക്കളയാനാകില്ലെന്ന നിലപാടാണ് പല സിപിഎം നേതാക്കള്‍ക്കുമുള്ളത്. എന്നാല്‍, മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായതിനാല്‍ ജലീലിനെതിരെ സംസാരിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്കും ഭയം. ബന്ധുനിയമനത്തില്‍ തെറ്റില്ലെന്ന മുഖ്യമന്ത്രിയുടെ മനസറിഞ്ഞാണ് മന്ത്രി ഇ.പി. ജയരാജന് ജലീലിനെ ന്യായീകരിച്ച് രംഗത്തെത്തിയത്.
ജലീലിനെതിരെ രംഗത്തിറങ്ങാന്‍ ന്യൂനപക്ഷപ്പേടി യുഡിഎഫിനും തടസം. ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കമെന്നു ചിത്രീകരിക്കുമോയെന്നാണ് അവരുടെ ആശങ്ക. പ്രത്യക്ഷ സമരപരിപാടികളുമായി ലീഗ് മുന്നോട്ടുപോകട്ടെയെന്ന നയമാണ് കോണ്‍ഗ്രസിന്.
അതേസമയം, ലീഗിലും അഭിപ്രായഭിന്നതയുണ്ട്. യൂത്ത് ലീഗ് മാത്രമാണ് ശക്തമായി രംഗത്തുള്ളത്. ലീഗിന്റെ മുതിര്‍ന്ന നേതാക്കളില്‍ പലരും ജലീലിനെതിരെ മിണ്ടിയിട്ടില്ല. യൂത്ത്ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ഒഴികെ മറ്റു സംസ്ഥാന ഭാരവാഹികളാരും പങ്കെടുത്തില്ല. ചില മുതിര്‍ന്ന ലീഗ് നേതാക്കളും ജലീലുമായുള്ള സൗഹൃദമാണ് ഈ മൃദുസമീപനത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: