സന്നിധാനം: മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ കനത്ത പോലീസ് കവചത്തിലാണ് സന്നിധാനം. ഐജി എം.ആര്. അജിത്കുമാറിന്റെ നിര്‍ദേശം അനുസരിക്കാന്‍ മാത്രം കാത്ത് നില്കുന്നത് പത്ത് സായുധ കമാന്‍ഡോകളും 75 പേരുമടങ്ങുന്ന ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനും. ഇവരോട് ഐജി പറയുന്നത് മാത്രം അനസരിച്ചാല് മതിയെന്നാണ് നിര്‍ദേശം.
പതിനെട്ടാം പടിക്ക് താഴെ സുരക്ഷയക്ക് മാത്രം എസ്പി എസ്.കെ. മധുവിന്റെ നേതൃത്വത്തില്‍ മറ്റൊരു പോലീസ് സംഘവും. നാല് എസ്പിമാരുടെ നേതൃത്വത്തില്‍ 1500 ല്‍ അധികം പോലീസുകാരെയാണ് സന്നിധാനത്തെ സുരക്ഷയക്ക്മാത്രം വിന്യസിച്ചിരിക്കുന്നത്. വിശ്രമമില്ലാത്ത ഡ്യൂട്ടിയെന്നാണ് പോലീസുകാര്‍ക്കുള്ള നിര്‍ദ്ദേശം.
സന്നിധാനത്ത് രണ്ട് മണിക്കൂറിലധികം ഭക്തര്‍ തങ്ങാതിരിക്കാന്‍ ലോഡ്ജുകളുടെയും മുറികളുടെയും താക്കോലുകള്‍ ഐജി വാങ്ങിയിട്ടുണ്ട്. കൂടാതെ എല്ലാ ഗേറ്റുകളുടെയും ഡ്യൂപ്ലിക്കേറ്റ് താക്കോലും ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥരില്‍ നിന്ന് ഐജി വാങ്ങി. യുവതികള്‍ കയറുമ്പോള്‍ പ്രശ്നമുണ്ടായാല്‍ ഭക്തര്‍ പുറത്ത് കടക്കാതെ നടപടിയെടുക്കാനാണ് പദ്ധതി. വിവരങ്ങള്‍ പുറത്ത് എത്താതിരിക്കാന്‍ ജാമറുകളും സജ്ജമാക്കിയിട്ടുണ്ട്. സംശയം തോന്നുന്നവരെയെല്ലാം പോലീസുകാര്‍ തലങ്ങും വിലങ്ങും ചോദ്യം ചെയ്യുന്നുണ്ട്. നിരവധി പേരുടെ ഇരുമുടികെട്ടും തോള്‍സഞ്ചിയും സന്നിധാനത്ത് അടക്കം പരിശോധിച്ചു. പമ്പയില്‍നിന്ന് ഭക്തരെ കടത്തിവിടുന്നതും കടുത്ത നിയന്ത്രണത്തോടെയാണ്.
പോലീസുകാര്‍ ആരും മാധ്യമങ്ങളോട് സംസാരിക്കുകയോ മൊബൈല്‍വഴി സന്ദേശങ്ങള്‍ കൈമാറുകയോ ചെയ്യരുതെന്ന് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മാധ്യമങ്ങളെയും സന്നിധാനത്ത് പലയിടങ്ങളിലും വിലക്കി. കര്‍ശന പരിശോധനയോട് കൂടിമാത്രമാണ് സോപാനത്തിലേക്ക് കടത്തി വിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: