കോഴിക്കോട്: ശബരിമല വിഷയത്തില്‍ നിയമപാലനത്തിന്റെ മറവില്‍ പോലീസ് അതിക്രമം കാട്ടുന്ന അവസ്ഥയുണ്ടാകരുതെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. യുദ്ധസമാനമായ സാഹചര്യമാണ് ശബരിമലയിലും പരിസരത്തും സര്‍ക്കാര്‍ ഉണ്ടാക്കിയത്.
അതിര്‍ത്തിയില്‍ പോലുമില്ലാത്ത ആയുധസന്നാഹവും സൈന്യവിന്യാസവുമാണ് അവിടെയുള്ളത്. ഭക്തരെ സംബന്ധിച്ച് ഭീതിദമായ അന്തരീക്ഷമാണ് സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുള്ളത്. ജീവിതവൃത്തിയുടെ ഭാഗമായാണ് പോലീസുകാര്‍ ജോലിക്ക് നിയോഗിക്കപ്പെടുന്നത്. ഈ പോലീസുകാരും മനുഷ്യരാണ്. സേനാംഗം എന്ന നിലയില്‍ മേലധികാരിയുടെ നിര്‍ദേശം പാലിക്കാന്‍ പോലീസുകാര്‍ ബാധ്യസ്ഥരുമാണ്.
ധര്‍മവിരുദ്ധമായ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഏതൊരു മനുഷ്യനുമുണ്ട്. മന്ത്രിമാരുടെ വാക്കാലുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവന്ന പോലീസുദ്യോഗസ്ഥരുടെ ചില ക്ലേശകരമായ അനുഭവങ്ങള്‍ കേരളത്തിനു മുന്നിലുണ്ട്. തങ്ങള്‍ ബലിയാടുകളാകേണ്ടതുണ്ടോയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം.
അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ജനവികാരത്തിന് മാറ്റം വന്നാല്‍ മന്ത്രിമാര്‍ മാറിവരും. എന്നാല്‍, പോലീസ്സേന സ്ഥിരമാണ്. സുപ്രീംകോടതി വിധിയുടെ മറവിലാണ് ശബരിമലയിലെ സായുധ സന്നാഹം. എന്നാല്‍, റിവിഷന്‍ ഹര്‍ജി, റിട്ട് ഹര്‍ജി എന്നിവ 13ന് കോടതിയുടെ മുമ്പാകെ വരാനിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കങ്ങള്‍. ഓര്‍ത്തഡോക്സ് സഭയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ മാര്‍ച്ച് വരെ അവധി ചോദിച്ചു. കേസില്‍ കക്ഷിപോലുമല്ലാത്ത സര്‍ക്കാരാണിത് ചെയ്തത്. വിശ്വാസം സംരക്ഷിക്കാനുള്ള ബാധ്യതയാണ് സര്‍ക്കാര്‍ അവിടെ പരിഗണിച്ചത്.
ശബരിമലയില്‍ വിശ്വാസികളുടെ വികാരങ്ങള്‍ ബലികഴിക്കാനുള്ള ആപത്കരമായ പോക്കാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. വികാരവിക്ഷോഭങ്ങള്‍ക്കും ധാര്ഷ്ട്യത്തിനുമടിപ്പെട്ട് ധര്മത്തിന് അനുയോജ്യമല്ലാത്ത നടപടികള്‍ പോലീസ് സേനയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: