കൊച്ചി: സംസ്ഥാനത്ത് ദേശീയ ജനാധിപത്യ മുന്നണിയെ അധികാരത്തിലെത്തിക്കാന്‍ ശബരിമലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രയോജനപ്പെടുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയ സമിതിയംഗവുമായ പി.സി. തോമസ്. വിശ്വാസികളുടെ ആവശ്യം കൃത്യമായി നടപ്പാക്കാന്‍ ശക്തവും സത്യസന്ധവും തന്ത്രപരവുമായ നീക്കം നടത്താനുതകുന്ന രീതിയിലാണ് ശബരിമല വിഷയത്തില്‍ എന്‍ഡിഎ അധ്യക്ഷനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘മതാചാരങ്ങള്‍ മതങ്ങള്‍ക്ക് വിടൂ’ എന്ന വലിയ സന്ദേശത്തിന്റെ ശക്തമായ നടപ്പാക്കലാണ് ശ്രീധരന്‍പിള്ള, ഒരു അഭിഭാഷകന് എന്ന നിലയിലും പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയിലും നിര്‍വഹിച്ചത്. ഈ ആശയമാണ് ബിജെപിയും എന്‍ഡിഎയും ഉയര്‍ത്തിപ്പിടിക്കുന്നത്. പഴയതിനേക്കാള്‍ പതിന്മടങ്ങ് കൂടുതല്‍ ഭക്തരാണ് ഇന്നലെ നട തുറന്നപ്പോള്‍ തന്നെ എത്തിയത്. മതവിശ്വാസം അലങ്കോലപ്പെടുത്താന്‍ ആഗ്രഹിക്കുന്ന സിപിഎമ്മിനു ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഇതു വ്യക്തമാക്കുന്നത്. തന്ത്രിയോട് ശ്രീധരന്‍പിള്ള പറഞ്ഞത് നിയമപരമായും രാഷ്ട്രീയമായും മതപരമായും ശരിയാണ്.
ആചാരങ്ങള്‍ മാറ്റണമെങ്കില്‍ അത് മതങ്ങള്‍ തന്നെ ചെയ്യാറുണ്ട്. സര്‍ക്കാരും സിപിഎമ്മും അതു ചെയ്യാന്‍ ഇറങ്ങിത്തിരിക്കേണ്ടതില്ല, തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: