തിരുവനന്തപുരം: യുവമോര്‍ച്ച യോഗത്തിലെ പ്രസംഗത്തെക്കുറിച്ച് നടക്കുന്ന വിവാദങ്ങള്‍ക്കു പിന്നില്‍ സിപിഎമ്മെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. മാധ്യമങ്ങള്‍ക്കിടയില്‍ സിപിഎമ്മിന്റെ ഫ്രാക്ഷന് പ്രവര്‍ത്തിക്കുന്നു. 12 പേരുള്‍പ്പെട്ട ഈ ഫ്രാക്ഷന് പിരിച്ചുവിടാന്‍ സിപിഎം തയാറാകണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെയും ഇത്തരത്തില്‍ ഗൂഢാലോചന നടത്തിയിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിന്റെ ഓഫീസില്‍ പോയപ്പോഴാണ് ഫ്രാക്ഷന് പ്രവര്‍ത്തിക്കുന്നതായും 12 പേരുണ്ടെന്നും ലേഖകന്‍ പറഞ്ഞത്. ദല്‍ഹി എകെജി ഭവനില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ചത് ആര്‍എസ്എസാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത് ഈ ഫ്രാക്ഷനാണ്. ഇതേത്തുടര്‍ന്ന് രാജ്യത്താകമാനമുണ്ടായ സംഘര്‍ഷത്തില്‍ 399 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സത്യസന്ധമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഇത് കളങ്കമാണ്.
സിപിഎമ്മിലെയും എസ്എഫ്ഐയിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍ തന്റെ അടുത്തെത്തി നിയമോപദേശം തേടാറുണ്ട്. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ താന്‍ വക്കാലത്തെടുക്കണമെന്നാവശ്യപ്പെട്ട് ഒരു സിപിഎം എംഎല്‍എയും നേതാക്കളും സമീപിച്ചിരുന്നു.
കൊച്ചി സര്‍വകലാശാലയിലെ എസ്ഫ്ഐ നേതാക്കള്‍ക്കുവേണ്ടി ഹാജരായപ്പോള്‍ ജഡ്ജി തന്റെ മുഖത്തേക്ക് നോക്കി. ‘ഇന്നത്തെ എസ്എഫ്ഐ നാളത്തെ എബിവിപി’ എന്ന നിലപാടിലാണ് താന്‍ കേസ് ഏറ്റെടുത്തത്. തന്നെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത് ബിജെപി സര്‍ക്കാരല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ശബരിമല തന്ത്രിക്ക് താന്‍ നല്‍കിയത് നിയമപരമായ ഉപദേശമായിരുന്നു. അത് ഒരു പ്രിവിലേജ്ഡ് കമ്യൂണിക്കേഷനാണ്. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വേദിയില്‍ പ്രസംഗിച്ചത് പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ്. ജനകീയ പ്രവര്‍ത്തനം സുവര്‍ണാവസരമെന്നാണ് താന്‍ പ്രസംഗിച്ചത്. സിപിഎമ്മുകാര്‍ പള്ളിയിലും ക്ഷേത്രത്തിലും പോയില്ലെങ്കില്‍ ആളുകള്‍ കാണില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം.
ശബരിമലയില്‍ അയ്യപ്പഭക്തരോട് സര്‍ക്കാര്‍ കൊടും ക്രൂരത കാണിക്കുകയാണ്. തന്ത്രിയെയും മേല്‍ശാന്തിയെയും ജയിലില്‍ പാര്‍പ്പിക്കുന്നതിന് തുല്യമായി നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തിയിരിക്കയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: