കൊച്ചി: ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ നടപടികള്‍ മറച്ചുവെക്കാനാണോയെന്ന് സംശയിക്കാമെന്ന് ഹൈക്കോടതി. പോലീസ് അതിക്രമങ്ങള്‍ക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കവെ ദേവസ്വം ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്.
ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോള്‍ ഇല്ലെന്നായിരുന്നു സ്റ്റേറ്റ് അറ്റോര്‍ണിയുടെ മറുപടി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് പ്രവേശനം നിയന്ത്രിച്ചതെന്നും അതു പൂര്‍ത്തിയായതോടെ പ്രവേശനം അനുവദിച്ചെന്നും സ്റ്റേറ്റ് അറ്റോര്‍ണി വിശദീകരിച്ചു.
എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന വിവരം റിപ്പോര്‍ട്ട് ചെയ്യാനും മാധ്യമങ്ങളെ അനുവദിക്കേണ്ടിയിരുന്നെന്ന് ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. ശബരിമലയിലെ നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയുന്നതെന്തിനാണ്? ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ പേരില്‍ ഭക്തര്‍ക്കും മാധ്യമങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവരുതെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
നവംബര്‍ മൂന്നു മുതല്‍ അഞ്ച് വരെ ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ജനം ടി.വി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബുവടക്കം രണ്ടുപേര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ പോലീസ് സൂപ്രണ്ടും ഇക്കാര്യം വ്യക്തമാക്കി പത്രക്കുറിപ്പ് ഇറക്കിയിരുന്നെന്നും നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുത്
കൊച്ചി: ശബരിമലയിലെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി.
സര്‍ക്കാര്‍ പ്രാധാന്യം നല്‍കേണ്ടത് ക്രമസമാധാന പ്രശ്നങ്ങള്‍ക്കാണ്. ക്ഷേത്ര നടത്തിപ്പില്‍ സര്‍ക്കാരിന് ഇടപെടാനാവില്ല. ദേവസ്വം ബോര്‍ഡിനോട് ഓരോ കാര്യങ്ങളും ആജ്ഞാപിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് വാക്കാല്‍ കോടതി ഇങ്ങനെ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: