പീഡന സഖാവ് ശശിയെ തൊട്ടില്ല, തൊടില്ല; വേദി പങ്കിടാന്‍ ബാലന്, അഭിവാദ്യമര്‍പ്പിച്ച് പിണറായി
പാലക്കാട്: ലൈംഗികാരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ അന്വേഷണം മൊഴിയെടുപ്പിലൊതുങ്ങി. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന് അംഗങ്ങളായ മന്ത്രി എ.കെ. ബാലനും ശ്രീമതിയും ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് രണ്ടുമാസം മുമ്പാണ് കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയത്. തുടര്‍ന്ന് സംസ്ഥാന നേതൃത്വം രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. പരാതിക്കാരിയുടെയും ശശിയുടെയും മറ്റുചില നേതാക്കളുടെയും മൊഴിയെടുത്തിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും ശശിക്കനുകൂലമായ മൊഴിയാണ് നല്‍കിയത്. മൊഴിയെടുപ്പ് പൂര്‍ത്തിയായി ഒരു മാസമായിട്ടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. പരാതിക്കാരിയെ സംരക്ഷിക്കുന്നതിന് പകരം ആരോപണവിധേയനെ സംരക്ഷിക്കുന്ന പാര്‍ട്ടിനിലപാടില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണ്.
ഇതിനിടെ അന്വേഷണ കമ്മീഷന് അംഗം ആരോപണവിധേയനൊപ്പം വേദി പങ്കിടുകയും ചെയ്തു. ഒക്ടോബര്‍ 26ന് തച്ചമ്പാറയില്‍ സംഘടിപ്പിച്ച സിപിഐയില്‍ നിന്ന് സിപിഎമ്മിലേക്ക് വന്ന പ്രവര്‍ത്തകര്‍ക്കുള്ള സ്വീകരണപൊതുയോഗത്തിലാണ് ശശിയും മന്ത്രി എ.കെ. ബാലനും ഒരുമിച്ച് വേദി പങ്കിട്ടത്. പരിപാടിയില്‍ ശശിക്കെതിരായ പരാതി പരാമര്‍ശിക്കാതെ മറ്റേ പ്രശ്നം ഞങ്ങളെ സംബന്ധിച്ച് ഒന്നുമല്ലെന്നു പറഞ്ഞ് എ.കെ. ബാലന് പാര്‍ട്ടി നിലപാട് വ്യക്തമാക്കുകയുണ്ടായി. ഇത് പരാതിക്കാരിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബന്ധുക്കളും, ചില മുതിര്‍ന്ന നേതാക്കളും ആരോപിച്ചു.
ഒക്ടോബര്‍ 28ന് പാലക്കാട്ട് നടന്ന പികെഎസ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനദിവസം മുഖ്യമന്ത്രി പിണറായി വിജയനും പി.കെ. ശശിക്കൊപ്പം വേദി പങ്കിട്ടിരുന്നു. ഇരുവരും പരസ്പരം അഭിവാദ്യമര്‍പ്പിച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്.
29ന് കൂറ്റനാട് നടന്ന ഡിവൈഎഫ്ഐ ജില്ലാസമ്മേളനത്തില്‍ ശശിവിഷയം ചര്‍ച്ചചെയ്യേണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം.സ്വരാജ് പറഞ്ഞത് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ശക്തമായി എതിര്‍ത്തു. പരാതിക്കാരിയെ ഇരുത്തിക്കൊണ്ടാണ് സ്വരാജ് നിലപാട് വ്യക്തമാക്കിയത്. പിന്നീട് കാര്യമല്ലാത്ത കാര്യത്തിന് സമയം കളയാതെ പാര്‍ട്ടി വിഷയങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു.
പരാതിക്കാരിയെ സ്വാധീനിക്കുവാന്‍ ശ്രമിച്ച ജില്ലാ സെക്രട്ടറി പ്രേംകുമാറിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും പരാതിക്കാരിയെ നിലനിര്‍ത്തുകയും ചെയ്തു.
പാര്‍ട്ടിയില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്ന തീരുമാനത്തിലാണ് പരാതിക്കാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: