കണ്ണൂര്‍: ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി പാനൂര്‍ ബ്ലോക്കില്‍ നിര്‍മ്മിച്ച ആദ്യത്തെ വീടിന്റെ താക്കോല്‍ദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ അനൂപ് നിര്‍വ്വഹിച്ചു. കതിരൂര്‍ പഞ്ചായത്തിലെ പറമ്പത്ത് ഹൗസിംഗ് കോളനിയിലുള്ള ചിന്നമ്മക്കാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്.
ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള നാല് ലക്ഷം രൂപ ഉപയോഗിച്ചാണ് വീടിന്റെ പണി പൂര്‍ത്തീകരിച്ചത്. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് 58,70,000 രൂപയാണ് ലൈഫ് പദ്ധതിക്കായി നീക്കി വെച്ചിട്ടുണ്ട്. പാനൂര്‍ ബ്ലോക്കില്‍ 134 ആളുകളാണ് ഭവനരഹിതരായിട്ടുള്ളത്. ഇതില്‍ 41 പേരാണ് ആദ്യഘട്ടത്തില്‍ കരാര്‍ പത്രം ഹാജരാക്കി വീട് പണി ആരംഭിച്ചിരിക്കുന്നത്. കതിരൂര്‍ പഞ്ചായത്തില്‍ ആറും, മൊകേരി പഞ്ചായത്തില്‍ 10 ഉം, ചൊക്ലിയില്‍ 13 ഉം, പന്ന്യന്നൂരില്‍ 12 ഉം വീടുകളാണ് നിര്‍മ്മിക്കാനുള്ളത്.
കുടുംബശ്രീ മുഖേന സര്‍വേ നടത്തി റേഷന്‍ കാര്‍ഡില്‍ പേരുള്ള ഒരാള്‍ക്കെങ്കിലും വീടുണ്ടെങ്കില്‍ അവരെ ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ അവര്‍ക്ക് ലഭിച്ച പദ്ധതി തുകയുടെ 20 ശതമാനം തുക ഭവനനിര്‍മ്മാണത്തിനായി വകയിരുത്തിയിട്ടുണ്ട.് സൗഭാഗ്യ പദ്ധതിയിലുള്‍പ്പെടുത്തി ഭവനരഹിതര്‍ക്ക് വൈദ്യുതി കണക്ഷനും, പ്രധാന് മന്ത്രി ഉജ്ജ്വല്‍ പദ്ധതിയിലുള്‍പ്പെടുത്തി ഗ്യാസ് കണക്ഷനും നല്‍കും. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ശൗചാലയം, കിണര്‍ നിര്‍മ്മാണം എന്നിവയും ആവശ്യമെങ്കില്‍ ചെയത് കൊടുക്കും.
ചടങ്ങില്‍ കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഷീബ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി.സനില്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.വി.രാഘവന്, എം സംഗീത, വിഇഒ ടി.ശ്രീജേഷ്, വി ഇഒ ടി.പി.പ്രജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: