കണ്ണൂര്‍: ശ്രീകണ്ഠപുരം മുത്തപ്പന്‍ക്ഷേത്ര പരിസരത്ത് നടത്തുന്ന പ്രതിമാസ പുഴയോര പുസ്തക ചര്‍ച്ചയായ സാഹിത്യ തീരത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സാഹിത്യ തീരം പുരസ്ക്കാരം ഫ്രാന്‍സിസ് നൊറൊണയുടെ തൊട്ടപ്പന് എന്ന കഥാസമാഹാരത്തിന് നല്കാന് തീരുമാനിച്ചതായി സാഹിത്യതീരം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
1974 ല്‍ വാഹനപകടത്തില്‍ മരണപ്പെട്ട യുവ എഴുത്തുകാരന് സാഹിദ് ചെങ്ങളായിയുടെ ഓര്‍മ്മയ്ക്ക് ചെങ്ങളായി ഗ്രാമോദ്ധാരണ വായനശാല & ഗ്രന്ഥാലയം നല്കുന്ന 10001 രൂപയും പ്രശസ്തി പത്രവും ചിത്രകാരന് എബി എന്‍ ജോസഫ് വരച്ച ചിത്രവും അടങ്ങിയതാണ് പുരസ്ക്കാരം.
2015 ജനുവരി 1 ന് ശേഷം മലയാളത്തില്‍ ഇറങ്ങിയ കഥ, കവിത, നോവല്‍ വിഭാഗങ്ങളില്‍ നിന്ന് വായനക്കാരുടെ നിര്‍ദ്ദേശാനുസരണമുള്ള അന്തിമ പരിശോധനയില്‍ വി.എസ്.അനില്‍കുമാര്‍, എ.വി.പവിത്രന്, മാധവന് പുറച്ചേരി എന്നിവരടങ്ങിയ ജൂറിയംഗങ്ങളാണ് പുസ്തകം തെരഞ്ഞെടുത്തത്.
നവംബര്‍ 18 ന് 2മണിക്ക് ശ്രീകണ്ഠാപുരത്ത് മുത്തപ്പന്‍ക്ഷേത്ര സമീപത്തെ പുഴയോരത്ത് നടത്തുന്ന സാഹിത്യതീരം വാര്‍ഷികാഘോഷ പരിപാടിയില്‍ പുരസ്ക്കാരം സമര്‍പ്പിക്കും. എന്‍.പ്രഭാകരന് ഉദ്ഘാടനം ചെയ്യും വി.എസ്.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ.ഡോ.സി.രവീന്ദ്രന് നമ്പ്യാരുടെ നോവലായ ‘രാധയുടെ ഡയറി’ ചര്‍ച്ച ചെയ്യും. രാധാകൃഷ്ണന് പട്ടാന്നൂര്‍ ഉദ്ഘാടനം ചെയ്യും. മലയാള പാഠശാല ഡയരക്ടര്‍ ടി.പി.ഭാസ്ക്കര പൊതുവാളിനെ ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വി.എസ്.അനില്‍കുമാര്‍, ബഷീര്‍ പെരുവളത്ത്പറമ്പ്, ഒ.സി.ചന്ദ്രന്, കെ.പി.അബ്ദുല്ലക്കുട്ടി മാസ്റ്റര്‍, എന്‍.കെ.എ.ലതീഫ്മാസ്റ്റര് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: