ന്യൂദല്‍ഹി: മഹാരാഷ്‌ട്രയിലെ ഭീമ-കോറിഗാവ് സംഘര്‍ഷത്തിലെ ഗൂഡാലോചനയില്‍ അറസ്റ്റിലായ അര്‍ബന്‍ മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീം കോടതി. റൊമിലാ ഥാപ്പര്‍ അടക്കമുള്ളവര്‍ നല്‍കിയ പുനപരിശോധന ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് തള്ളി.
അറസ്റ്റ് നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ മാസം കോടതി തള്ളിയിരുന്നു. അറസ്റ്റിനെപ്പറ്റി പ്രത്യേക സംഘം അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അറസ്റ്റും അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. പോലീസ് നടപടികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി തള്ളിയിരുന്നത്. പുനപരിശോധനാ ഹര്‍ജി പരിഗണിച്ച ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഈ വാദത്തോട് യോജിച്ചു.
പുനപരിശോധനാ ഹര്‍ജി തള്ളിയതിന് പിന്നാലെ അര്‍ബന്‍ മാവോയിസ്റ്റുകളായ അരുണ്‍ ഫെരേരെയെയും വെര്‍ണന്‍ ഗോണ്‍സാല്‍വ്‌സിനെയും പൂനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ നവംബര്‍ ആറ് വരെ കോടതി റിമാഡ് ചെയ്തു. സുധാ ഭരദ്വാജും പോലീസ് കസ്റ്റഡിയിലുണ്ട്.
















