ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളെ സംശയിക്കുന്നില്ലെന്ന് സുപ്രീംകോടതി. സിബിഐ ഡയറക്ടര്‍ അലോക് വര്‍മ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷണം നടത്തിയത്.
അലോക് വര്‍മക്കെതിരായ അന്വേഷണം രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന് സുപ്രീം കോടതിയുടെ നിര്‍ദേശം നല്കി. വിജിലന്‍സ് കമ്മീഷന്റെ വിശ്വാസ്യതയില്‍ സംശയമില്ലെന്നും കോടതി വ്യക്തമാക്കി.
മുന്‍ സുപ്രീം കോടതി ജഡ്ജി എ.കെ. പട്നായിക്ക് സിവിസി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. പ്രത്യേക സാഹചര്യം കണക്കിലെടുത്തുള്ള താല്‍ക്കാലിക സംവിധാനം മാത്രമാണിതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സമിതി ചൂണ്ടിക്കാട്ടി. നവംബര്‍ 12 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സിവിസി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തിയതിനെതിരെ അലോക് വര്‍മ നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടികള്‍. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെയും സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും ചുമതകളില്‍ നിന്ന് നീക്കിയത് താല്‍ക്കാലികമായാണെന്ന് സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ നിലപാട് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ കൈക്കൊണ്ടതും.
ഡയറക്ടര്‍ അലോക് വര്മയ്ക്ക്് പുറമേ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും ചുമതലയില്‍ നിന്ന് നീക്കിയതിനെതിരെ ഇന്നലെ കോടതിയെ സമീപിച്ചിരുന്നു. എന്തുകൊണ്ടാണ് വൈകിയതെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞപ്പോള്‍ പ്രത്യേക ഹര്‍ജി നേരത്തെ നല്‍കിയിട്ടുണ്ടെന്ന് അസ്താനയുടെ അഭിഭാഷകനായ മുകുള്‍ രോഹ്തഗി അറിയിച്ചു. ഈ ഹര്‍ജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അലോക് വര്‍മയും അസ്താനയും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായതിനെ തുടര്‍ന്നാണ് ഇരുവരെയും മാറ്റിനിര്‍ത്താന്‍ ഏതാനും ദിവസം മുന്‍പ് നിയമനകാര്യ സമിതി തീരുമാനിച്ചത്.
അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മൂന്നാഴ്ച സമയം വേണമെന്ന് സിവിസി ആവശ്യപ്പെട്ടെങ്കിലും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ കാലതാമസം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. നവംബര്‍ 12ന് കേസ് വീണ്ടും പരിഗണിക്കും. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെങ്കില്‍ അപ്പോള്‍ പരിഗണിക്കും. കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് വിരമിച്ച ജഡ്ജിയെ മേല്‍നോട്ടത്തിനായി ചുമതലപ്പെടുത്തുന്നത്.
ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ നാഗേശ്വര്‍ റാവു നയപരമായ തീരുമാനമെടുക്കരുതെന്നും ദൈനംദിന ഭരണച്ചുമതല മാത്രമേ നിര്‍വഹിക്കാന്‍ പാടുള്ളുവെന്നും കോടതി നിര്‍ദേശിച്ചു. തീരുമാനങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണം. സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് വര്‍മക്കെതിരായ നടപടിയെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് ഫാലി എസ്.നരിമാന് വാദിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി സിബിഐ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: