കൊച്ചി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവരെയും നാമജപത്തില്‍ പങ്കെടുത്തവരെയും പാതിരാത്രിയില്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്ന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഗ്യാലറികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ കളിക്കരുത്. അക്രമങ്ങളില്‍ പങ്കുള്ളവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂ. തെറ്റു ചെയ്യാത്തവരെ അറസ്റ്റ് ചെയ്താല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ഡിവിഷന് ബെഞ്ച് താക്കീത് നല്കി.
നിരപരാധികളെ ഉപദ്രവിക്കരുതെന്നും അത്തരത്തില്‍ സമൂഹത്തില്‍ ഭീതി പടര്‍ത്തരുതെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ശബരിമലയില്‍ ഭക്തരല്ലാതെ മറ്റുള്ളവരും എത്തിയോയെന്ന് അന്വേഷിച്ച് കണ്ടെത്താനും കോടതി നിര്‍ദേശിച്ചു.
ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന അറസ്റ്റുകള്‍ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട സ്വദേശികളായ സുരേഷ് കുമാര്‍, അനോജ് കുമാര്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. നാമജപ യജ്ഞത്തില്‍ പങ്കെടുത്ത ഭക്തരുള്‍പ്പെടെയുള്ളവരെ പോലീസ് ഭീഷണിപ്പെടുത്തുകയാണെന്നും ജാമ്യമില്ലാ വകുപ്പു ചുമത്തി അകത്താക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ആളുകളെ കസ്റ്റഡിയിലെടുക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഭക്തരുടെയും കാഴ്ചക്കാരുടെയും പോലീസുകാരുടെയും വരെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ച് ഇവരെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത ശേഷമാണ് കേസെടുക്കുന്നത്. മതിയായ തെളിവോ കാരണമോയില്ലാതെ ഭക്തരെ അറസ്റ്റ് ചെയ്യരുത്, സുപ്രീംകോടതി നിഷ്കര്‍ഷിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പാലിച്ച് അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കണം, നാമജപയജ്ഞങ്ങള്‍ തടയരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍, കുറ്റവാളികളെ കണ്ടെത്താന്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുകയാണെന്നും പുതിയകാലത്ത് അക്രമികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി വിശദീകരിച്ചു. തുടര്‍ന്ന് സര്‍ക്കാരിന്റെ വിശദീകരണം തേടിയ ഡിവിഷന് ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റി.
ബുധനാഴ്ച രാത്രി മുതലാണ് സര്‍ക്കാര്‍ വ്യാപകമായ അറസ്റ്റ് തുടങ്ങിയത്. പാതിരാത്രിയില്‍ വീടുകള്‍ റെയ്ഡു ചെയ്തും ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചുമായിരുന്നു അറസ്റ്റുകള്‍. വീടുകളില്‍ കിടന്നുറങ്ങിയവരെ വരെ അറസ്റ്റു ചെയ്ത് കൊടുംകുറ്റവാളികളെ കൊണ്ടുപോകുന്നതു പോലെ വിലങ്ങണിയിച്ചാണ് സ്റ്റേഷനില്‍ എത്തിച്ചത്. ഇതിനകം രണ്ടായിരത്തോളം പേരാണ് വിവിധ ജില്ലകളിലായി അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: