തിരുവനന്തപുരം: ആചാരലംഘനത്തിലൂടെ ശബരിമല ക്ഷേത്രം തകര്‍ക്കാന്‍ നീക്കം ശക്തമാക്കിയ ഇടതു സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം. ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി അനുകൂലമായാല്‍ കാത്തിരിക്കാതെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ഇടപെടാനാണ് സര്‍ക്കാര്‍ നീക്കം. നിലവില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ട ചുമതലയിലാണ് ക്ഷേത്രഭരണം. അതിനാല്‍ നിയമപരമായി കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കാമെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും ശബരിമലപോലെ രാജകുടുംബവുമായി ബന്ധപ്പെട്ടതാണ്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമുള്ള ഹിന്ദു റിലീജിയസ് ആക്ട് പ്രകാരം തിരുവിതാംകൂര്‍ രാജകുടുംബത്തിനായിരുന്നു പരമാധികാരം. എന്നാല്‍ അഡ്വ. അനന്തപദ്മാനഭ അയ്യര്‍ നല്കിയ ഹര്‍ജി പ്രകാരം രാജകുടുംബത്തിന് ഭരണപരമായി അവകാശം ഇല്ലെന്നാണ് ഹൈക്കോടതി വിധി. വി. എസ്. അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്തായിരുന്നു ഈ വിധി.
രാജകുടുംബം അധികാരം വിട്ടൊഴിയണം എന്ന് അന്ന് ദേവസ്വം മന്ത്രിയായിരുന്ന ജി.സുധാകരന് ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബാംഗം സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ക്ഷേത്ര ഭരണം നടത്താന്‍ തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള താല്‍ക്കാലിക ഭരണസമിതിക്ക് രൂപം നല്കി. തന്ത്രിയെയും പെരിയനമ്പിയെയും ഭരണ സമിതിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ കൊട്ടാരത്തില്‍ നിന്ന് ആരെയും ഉള്‍പ്പെടുത്തിയില്ല.
ശബരിമലയില്‍ പന്തളം കൊട്ടാരത്തിന് അവകാശമൊന്നുമില്ലെന്ന സര്‍ക്കാര്‍ വാദം ശ്രീപദ്മനാഭസ്വാമിക്ഷേത്ര വിഷയത്തിലും സര്‍ക്കാര്‍ ഉന്നയിച്ചേക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുന്‍നിലപാട് അനുസരിച്ച് പദ്മനാഭസ്വാമി ക്ഷേത്രത്തിന് ഗുരുവായൂര്‍ മോഡലില്‍ പ്രത്യേക ദേവസ്വം ബോര്‍ഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെടും. സര്‍ക്കാരിന്റെ ലക്ഷ്യം ക്ഷേത്രത്തിലെ ശതകോടി വിലപിടിപ്പുള്ള അമൂല്ല്യരത്നങ്ങളും സ്വര്‍ണവുമാണ്. ഇവ ക്ഷേത്ര നിലവറകളില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആറ് നിലവറകളില്‍ ഇനി ഒരെണ്ണം തുറക്കാനുമുണ്ട്. രാജകുടുംബാംഗങ്ങളുടെയും തന്ത്രിയുടെയും ഭക്തജനങ്ങളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ബി നിലവറ ഇനിയും തുറക്കാനായിട്ടില്ല. തുറന്ന നിലവറകളിലെ സ്വര്‍ണം സര്‍ക്കാര്‍ ഖജനാവിലേക്ക് മാറ്റണമെന്ന് എല്‍ഡിഎഫിലെ ഒരു വിഭാഗം വാദിക്കുമ്പോള്‍ അവ വിനോദ സഞ്ചാരികള്‍ക്ക് കാണുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രിമാരില്‍ ചിലര്‍ വാദിക്കുന്നു. ലോകം മുഴുവന്‍ പരസ്യം നല്കി വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് വരുമാനം വര്‍ധിപ്പിക്കാനാകുമെന്നും കരുതുന്നു.
ക്ഷേത്രത്തില്‍ നടക്കുന്ന രണ്ട് ആറാട്ടുകളില്‍ എഴുന്നള്ളത്തിനു മുന്നില്‍ ആചാരപരമായി ഉടവാള് പിടിക്കേണ്ടത് കൊട്ടാരം മൂലസ്ഥാനിയാണ്. സര്‍ക്കാര്‍ അധീനതയിലായാല്‍ വിവാദമുണ്ടാക്കി ഇതെല്ലാം ക്രമേണ നിര്‍ത്തലാക്കി സര്‍ക്കാര്‍ പറയുന്നതു പോലെ ഉത്സവം നടത്തേണ്ടി വരും.
ബി നിലവറ തുറക്കുന്നത് സംബന്ധിച്ചും ക്ഷേത്രത്തിനു ചുറ്റുമുള്ള അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെക്കുറിച്ചുമുള്ള ഹര്‍ജികള്‍ നവംബര്‍ 14ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: