കൊച്ചി: ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരന് മാത്രമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങള്‍ പൊളിയുന്നു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ തീരുമാനം എടുക്കുന്നതിനുള്ള പൂര്‍ണ അവകാശം തന്ത്രിക്ക് നല്‍കിക്കൊണ്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തായത് സര്‍ക്കാരിന് തിരിച്ചടിയായി. 1991 ഏപ്രിലില്‍ നല്കിയ സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് യുവതീപ്രവേശന കേസില്‍ തന്നെയാണ് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. മാസപൂജ സമയത്ത് മാത്രം യുവതികള്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിന് വിലക്കില്ലായിരുന്നു എന്ന നിലപാടാണ് സത്യവാങ്മൂലത്തില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചതും. എന്നാല്‍ മണ്ഡല, മകര വിളക്ക് തീര്‍ഥാടന കാലത്തും വിഷു സമയത്തും 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ദര്‍ശനത്തില്‍ നിന്നും വിലക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ശബരിമലയില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ വിലക്കിയ ഹൈക്കോടതി വിധിക്ക് കാരണമായ കേസിലാണ് ആചാര അനുഷ്ഠാനങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടേതാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം നല്‍കിയത്. യുവതീപ്രവേശനം ഉള്‍പ്പടെയുള്ള കാര്യങ്ങളിലും ആചാര അനുഷ്ഠാനങ്ങളിലും തീരുമാനം എടുക്കേണ്ടത് തന്ത്രിയാണെന്നാണ് ദേവസ്വം ബോര്‍ഡ് 1990-91 കാലഘട്ടത്തില്‍ നടന്ന കേസില്‍ ഹൈക്കോടതിയെ അറിയിച്ചത്. ക്ഷേത്രാചാരങ്ങളില്‍ സമ്പൂര്‍ണ്ണ അധികാരം തന്ത്രിക്കാണ് എന്നതായിരുന്നു ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. അന്നത്തെ ഇടതുസര്‍ക്കാരും ഈ തീരുമാനത്തെ കോടതിയില്‍ എതിര്‍ത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
സന്നിധാനത്ത് സിനിമാ ചിത്രീകരണവും വിവാഹവും നടക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരന്, അന്ന് തന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരര്‍ക്ക് നല്കിയ കത്തും ഇതിന് തന്ത്രി കൊടുത്ത മറുപടിയും കേസില്‍ തെളിവായി പരിഗണിച്ചിരുന്നു. ഇക്കാര്യവും കേസ് രേഖകളില്‍ വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: