തിരുവനന്തപുരം : ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ അനാവശ്യ തിടുക്കവും പിടിവാശിയും കാണിച്ച സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയുടെ ജാള്യത മറയ്ക്കാനായി പോലിസിനെ ദുരുപയോഗം ചെയ്ത് നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ പോലീസിനെ ഉപയോഗിച്ച് നടത്തിയ കപടനാടകങ്ങളുടെ ഉത്തരവാദിത്വം വിശ്വാസികളുടെ ചുമലില്‍ കെട്ടിവെക്കാനാണ് ശ്രമം. നിരപരാധികളായ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഭക്തജനങ്ങളെ കള്ളക്കേസില്‍ പെടുത്തുകയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അനേകായിരങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ ഈ നടപടികള്‍ അടിയന്തരാവസ്ഥയെ പോലും ലജ്ജിപ്പിക്കുന്നു.
അക്കാലത്തും സ്ത്രീകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി കേട്ടുകേള്‍വിയില്ല. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ഭക്തരുടെ വാഹനങ്ങള്‍ യാതൊരു പ്രകോപനവുമില്ലാതെ തകര്‍ത്തിട്ടും കുറ്റവാളികളായ പോലീസുകാര്‍ക്കെതിരെ ഒരു കേസു പോലും എടുക്കാന്‍ തയ്യാറായിട്ടില്ല.
ദര്‍ശനത്തിനായി എത്തിയ വിശ്വാസികളെ കള്ള കേസുകളില്‍ പെടുത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം ശബരിമലയെ തകര്‍ക്കാനുള്ള സിപിഎമ്മിന്റെ ഗൂഢ ശ്രമത്തിന്റെ തുടര്‍ച്ചയാണ്. അറസ്റ്റ് ചെയ്യപ്പെടുന്ന വിശ്വാസികളെ നിയമമനുശാസിക്കുന്ന സമയ പരിധിക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കുന്നില്ല. രാഷ്ട്രീയ പകപോക്കലിനാണ് ഈ അവസരം ഉപയോഗിക്കുന്നത്. ഇത്തരം പീഡനമുറകളിലൂടെ സംഘപരിവാറിനെയും ബിജെപിയേയും തകര്‍ക്കാമെന്നാണ് മുഖ്യമന്ത്രിയുടെ വ്യാമോഹം. ഇതിനിടെ ജാതി, മത സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും മുഖ്യമന്ത്രിയും പാര്‍ട്ടിയും ശ്രമിക്കുന്നു.
നാട്ടില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഭരണാധികാരിക്ക് ചേര്‍ന്ന പ്രവര്‍ത്തിയും വാക്കുകളുമല്ല മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകുന്നത്. തോക്കിനും ലാത്തിക്കും തച്ചുടക്കാന്‍ കഴിയുന്നതല്ല ശബരിമല ക്ഷേത്രവും ആചാരങ്ങളും വിശ്വാസങ്ങളൂം. കിരാതമായ പീഡനമുറകളെ അതിജീവിച്ച് തങ്ങളുടെ വിശ്വാസം സംരക്ഷിക്കാനുള്ള വിശ്വാസികളുടെ ധര്‍മ്മസമരത്തിനൊപ്പം ബിജെപി പോരാടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: