കോഴിക്കോട്: ശബരിമലയുമായി ബന്ധപ്പെട്ടുള്ള ഹിന്ദുവേട്ട പിണറായി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ്. ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്ത നൂറുകണക്കിന് ഭക്തരെ പോലീസ് കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണ്. അര്‍ധരാത്രി വീടുകളില്‍ കയറി പുരുഷന്മാരെ അറസ്റ്റുചെയ്യുന്ന പോലീസ് സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയാണെന്നും കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.
പോലീസ് പുറത്തുവിട്ട ലുക്ക് ഔട്ട് നോട്ടീസിലെ പലരും വിദേശത്ത് ജോലി ചെയ്യുന്നവരാണ്. ബോധപൂര്‍വം കള്ളക്കേസ് പടച്ചുണ്ടാക്കുകയാണ്. അതേസമയം ലുക്ക്ഔട്ട് നോട്ടീസില്‍ ഇടംപിടിച്ച പത്തനംതിട്ട എആര്‍ ക്യാമ്പിലെ പോലീസ് ഡ്രൈവര്‍ ഇബ്രാഹിമിന്റെ കാര്യം ഡിജിപി മിണ്ടുന്നില്ല. മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കിയെന്ന കുറ്റംചുമത്തി ഇയാള്‍ക്കെതിരെയും കേസെടുത്ത് അറസ്റ്റു ചെയ്യണം. അല്ലെങ്കില്‍ ഇയാള്‍ എങ്ങനെ അവിടെ എത്തിയെന്ന് തൃപ്തികരമായി വിശദീകരിക്കണം.
കേരളമാകെ പോലീസ് രാജ് നടപ്പാക്കുകയാണ്. ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും ഭക്തരുടെ സമരത്തെയും വിശ്വാസത്തെയും നശിപ്പിക്കാമെന്ന് കരുതണ്ട. ബിജെപിക്കെതിരായ നീക്കങ്ങളെ നിയമപരമായും രാഷ്‌ട്രീയമായും നേരിടും. പോലീസുകാര്‍ നിലയ്‌ക്കലിലും മറ്റും അക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ട്. മലചവിട്ടാന്‍ ആഗ്രഹിക്കുന്ന ഹിന്ദുയുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന സുപ്രീംകോടതി വിധി രഹ്നഫാത്തിമയെ പോലുള്ളവരെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച് ഐജിമാരുടെ നേതൃത്വത്തില്‍ അട്ടിമറിച്ചിരിക്കുകയാണെന്ന് വിധി ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇവര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണം. അല്ലാതെ വിശ്വാസികളെ ഉപദ്രവിച്ചാല്‍ ബിജെപി പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. 24 മണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്ത് തങ്ങാന്‍ ഭക്തരെ അനുവദിക്കില്ലെന്ന് പറയാന്‍ ശബരിമല സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി ഓഫീസില്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. സംസ്ഥാനത്ത് ശരണമന്ത്രവും അധികാരവും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും രമേശ് പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയേന്ദ്രന്‍ പങ്കെടുത്തു.
















