തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനിലൂടെ മാത്രമേ ലഭിക്കൂയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേത് പോലെ ടിക്കറ്റുകള്‍ കൗണ്ടര്‍ വഴി വില്‍പ്പന ഉണ്ടായിരിക്കുന്നതല്ല. www.paytm.com, www.insider.in എന്നീ വെബ്ബ് സൈറ്റുകള്‍ വഴി മാത്രമേ ടിക്കറ്റ് വില്‍പ്പനയുള്ളൂ. ഈ സൈറ്റുകളിലേക്കുള്ള ലിങ്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സൈറ്റില്‍ ലഭ്യമാണ്.
1000 (അപ്പര്‍ ടിയര്‍), 2000( ലോവര്‍ ടിയര്‍ ചെയര്‍), 3000 (സ്പെഷ്യല്‍ ചെയര്‍) എങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ടിക്കറ്റുകള്‍ പേടിഎം വഴിയും (www.paytm.com, www.insider.in) മാത്രമേ വാങ്ങാന്‍ സാധിക്കുകയുള്ളൂ. സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ഡിജിറ്റല്‍ ടിക്കറ്റുകളോ, പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം. ഓലൈന്‍ ലിങ്ക് കെസിഎ വെബ്ബ്സൈറ്റിലും ലഭ്യമാണ്. പേടിഎം വഴി 2 ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 150 രൂപയുടെ സിനിമാ ടിക്കറ്റിനുള്ള വൗച്ചര്‍ ലഭിക്കും.
സ്റ്റേഡിയത്തിന് അകത്ത് പ്രവേശിക്കാന്‍ ടിക്കറ്റിന് പുറമെ പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെയോ/ കോളേജിലെയോ തിരിച്ചറിയല്‍കാര്‍ഡ് ഹാജരാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയുടെ ടിക്കറ്റില്‍ 50 ശതമാനം കിഴിവ് ലഭിക്കും.
ഒരാള്‍ക്ക് ഒരു യൂസര്‍ഐഡിയില്‍ നിന്നും പരമാവധി 6 ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഒരു ഐഡിയില്‍ നിന്നും ഒരു തവണ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. രാവിലെ 10.30 മുതലാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം തുടങ്ങുക.
















