ന്യൂദല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ സെഞ്ചുറി കുറിച്ച് ഇന്ത്യക്ക് അനായാസ വിജയമൊരുക്കിയ രോഹിത് ശര്‍മ, ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും ഓസീസിന്റെ ഡേവിഡ് വാര്‍ണറെയും മറികടന്ന് പുതിയ റെക്കോഡ് സ്ഥാപിച്ചു. 117 പന്തില്‍ 152 റണ്‍സുമായി പുറത്താകാതെ നിന്ന ശര്‍മ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ നൂറ്റിയമ്പതോ അതില്‍ കൂടുതലോ റണ്‍സ് നേടുന്ന ലോകത്തെ ആദ്യ ബാറ്റ്‌സ്മാനായി. ഇത് ആറാം തവണയാണ് ഇന്ത്യന്‍ ഓപ്പണര്‍ 150 ല്‍ കൂടുതല്‍ റണ്‍സ് സ്വന്തം പേരില്‍ കുറിക്കുന്നത്.
ബാറ്റിങ്ങ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഓസീസ് താരം ഡേവിഡ് വാര്‍ണറും അഞ്ചു തവണ വീതം നൂറ്റിയമ്പതില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയില്‍, ശ്രീലങ്കയുടെ സനത്ത് ജയസൂര്യ, ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല എന്നിവര്‍ നാല് തവണ വീതം 150 ല്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുണ്ട്. ഈ മൂന്ന് ബാറ്റ്‌സ്മാന്മാരും ഓപ്പണര്‍മാരായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ 51 പന്തിലാണ് രോഹിത് ശര്‍മ അര്‍ധ സെഞ്ചുറി കുറിച്ചത്. രണ്ടാമത്തെ അമ്പത് റണ്‍സ് 33 പന്തില്‍ അടിച്ചെടുത്തു. 29 പന്തില്‍ മൂന്നാമത്തെ അമ്പത് റണ്‍സ് നേടി. 15 ഫോറും എട്ട് സിക്‌സറും രോഹിതിന്റെ ബാറ്റില്‍ നിന്ന് ബൗണ്ടറി കടന്നുപോയി.
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം രണ്ടാം വിക്കറ്റില്‍ 246 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇതാദ്യമായാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഇരട്ട സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്.
അഞ്ചു മത്സരങ്ങളുള്ള ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ വിശാഖപട്ടണത്ത് നടക്കും.
















