ശബരിമല: ലോകനന്മയ്‌ക്കും അയ്യപ്പഭക്തരുടെ മനോദുഃഖമകറ്റുന്നതിനും പാലക്കാട് സ്വദേശിയായ അനന്തപത്മനാഭന്റെ ശയനപ്രദക്ഷിണം.
യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ ഭക്തര്‍ക്കുള്ള ദുഃഖം അകറ്റണമെന്ന പ്രാര്‍ഥനയുമായി പമ്പയില്‍ നിന്ന് സന്നിധാനത്തേക്കാണ് ഗുരുസ്വാമി കൂടിയായ അനന്തപത്മനാഭന്റെ ശയനപ്രദക്ഷിണം. ജോലിയുടെ ഭാഗമായി പത്ത് വര്‍ഷമായി ചെന്നൈയിലാണ് ഇപ്പോള്‍ താമസം. ശനിയാഴ്ച രാവിലെ ഏഴ് മണിക്കാണ് 58കാരനായ അനന്തപത്മനാഭന്‍ പമ്പാ ഗണപതികോവിലില്‍ നിന്ന് ശയനപ്രദിക്ഷണം ആരംഭിച്ചത്. വൈകിട്ട് മരക്കൂട്ടത്ത് തങ്ങി. ഇന്നലെ പുലര്‍ച്ചെ പുനരാരംഭിച്ച ശയനപ്രദിക്ഷണം ഉച്ചകഴിഞ്ഞ് രണ്ടരയോടെ അയ്യപ്പഭക്തരുടെ ശരണംവിളികളുടെ അകമ്പടിയില്‍ വലിയ നടപ്പന്തലില്‍ എത്തി.
തുടര്‍ന്ന് വൈകിട്ട് ആറുമണിയോടെ അയ്യപ്പദര്‍ശനം നടത്തി. ചെന്നൈയില്‍ സ്വകാര്യ ബാങ്കില്‍ ഓഡിറ്ററായിരുന്നു. ശബരിമല ദൗത്യത്തിനായി കൂടുതല്‍ ദിവസം അവധിക്ക് അപേക്ഷ നല്‍കി. എന്നാല്‍ ബാങ്ക് അധികൃതര്‍ അവധി നിഷേധിച്ചു. തുടര്‍ന്ന് ജോലി രാജിവെച്ച ശേഷമാണ് ശയനപ്രദക്ഷിണത്തിനെത്തിയത്. രാമേശ്വരത്ത് വെച്ച് കണ്ടുമുട്ടിയ കതിരേശനും അനന്തപത്മനാഭന് സഹായത്തിനുണ്ടായിരുന്നു. മലകയറാനെത്തിയ മറ്റ് സ്വാമിമാരും സഹായവുമായി ഒപ്പമുണ്ടായിരുന്നു.
















