പത്തനംതിട്ട: അയ്യപ്പഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തി ശരണപാതയില്‍ പോലീസ്. പരിശോധനയുടെ മറവില്‍ ഇരുമുടിക്കെട്ട് അശുദ്ധമാക്കിയും ഉച്ചത്തില്‍ ശരണം വിളിക്കുന്ന ഭക്തരെ ഭീഷണിപ്പെടുത്തിയുമാണ് ചില പോലീസുകാരുടെ അവഹേളനം.
വാഹന പരിശോധനയില്‍ തുടങ്ങിയ പോലീസ് നടപടി ഇപ്പോള്‍ പവിത്രമായ ഇരുമുടിക്കെട്ട് അഴിച്ച് പരിശോധിക്കുന്ന സാഹചര്യത്തില്‍ എത്തിനില്‍ക്കുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചത് മുതല്‍ പമ്പയിലേക്കുള്ള പാതയില്‍ ഇലവുങ്കലില്‍ തീര്‍ഥാടക വാഹനങ്ങള്‍ തടഞ്ഞ് പരിശോധന തുടങ്ങിയിരുന്നു. കെഎസ്ആര്‍ടിസി ബസുകളില്‍ വരെ പോലീസ് കയറി പരിശോധന നടത്തുന്നുണ്ട്. നിരോധനാജ്ഞയെ മറികടന്ന് തീര്‍ഥാടകരുടെ വേഷത്തില്‍ പ്രതിഷേധിക്കാന്‍ ഭക്തര്‍ എത്തുന്നത് തടയാനാണ് പോലീസ് ശ്രമം. ഇരുമുടിക്കെട്ടില്ലാതെ മാസപൂജാ വേളകളില്‍ ശബരിമല ദര്‍ശനം പതിവായി നടത്തുന്ന ഭക്തര്‍ നിരവധിയാണ്. ഇത്തരം ഭക്തരെയാണ് പരിശോധനയുടെ പേരില്‍ പോലീസ് കൂടുതല്‍ പീഡിപ്പിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നിലയ്‌ക്കലിലും പമ്പയിലും ഭക്തര്‍ കൂട്ടത്തോടെ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. വാഹന പരിശോധനകളില്‍ പ്രതിഷേധക്കാരെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടുമില്ല. ഇതെത്തുടര്‍ന്നാണ് ഇരുമുടിക്കെട്ടുമായി എത്തുന്ന ഭക്തരെയും തടഞ്ഞുനിര്‍ത്തി പ്രയാസം സൃഷ്ടിക്കാന്‍ പോലീസ് തുനിഞ്ഞത്. ഇത്തരം പരിശോധനകള്‍ നിലയ്‌ക്കലും ആവര്‍ത്തിക്കുന്നു. തീര്‍ഥാടക വാഹനങ്ങളില്‍ ഉച്ചത്തില്‍ ശരണംവിളിച്ച് എത്തുന്നവരെ പോലീസ് അവഹേളിക്കുന്നതായും പരാതി ഉയരുന്നു. ഇരുമുടിക്കെട്ട് പരിശോധിക്കുന്ന നടപടി ഭക്തരുടെ വ്യാപക പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
















