പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി നീണ്ട കാത്തിരിപ്പിന്റെ ഋതുവാണ്. സമുദ്രനിരപ്പില്‍ നിന്നും ആയിരക്കണക്കിനടികള്‍ മുകളിലുള്ള മൂന്നാര്‍ മലനിരകളില്‍ മുകളിലെ നീലാകാശം താഴെ വിരിഞ്ഞപോലെ നീലക്കുറിഞ്ഞികള്‍ പൂത്തിരിക്കുന്നു.
ഒരു വ്യാഴവട്ടക്കാലം ഭൂമിയുടെ ഗര്‍ഭഗൃഹത്തിലെ ധ്യാന നിദ്രയ്‌ക്കുശേഷം കണിശതയോടെ നീലക്കുറിഞ്ഞികള്‍ കണ്ണുതുറക്കുമ്പോള്‍ വിശദീകരണമില്ലാത്തൊരു നിയോഗംകൂടി ആയിരിക്കണം അത്. പതിനായിരക്കണക്കിനു സന്ദര്‍ശകര്‍ ഒരു നോക്കുകാണാനെത്തുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത എത്രയോ വികാര വൈവശ്യമാകും അവരിലപ്പോള്‍ ഉണ്ടാകുക.
എന്നാല്‍ ഇതിനൊക്കെ അപ്പറമുള്ളൊരു കാത്തിരിപ്പിന്റേയും ആയുസ് നീട്ടലിന്റേയുംകൂടി കഥപറയാനുണ്ട് ഈ നീലകുറിഞ്ഞിക്കാലത്തിന്. യാത്ര പറഞ്ഞെങ്കിലും വിടപറയാനാവാതെ ആത്മമിത്രങ്ങളില്‍ അവശേഷിപ്പിച്ചുപോയ നിലയ്‌ക്കാത്ത സിംഫണിയിലെ കമ്പനങ്ങള്‍പോലെ അത്.
ജന്മഭൂമിയുടെ ചീഫ് എഡിറ്ററും മുതിര്‍ന്ന പത്രപ്രവര്‍ത്തകയുമായിരുന്നു ലീലാ മേനോന്റെ ആത്മവിശ്വാസത്തിന്റെ അജണ്ടകളില്‍പ്പെട്ടതായിരുന്നു നീലക്കുറിഞ്ഞിയെക്കുറിച്ചുള്ള സ്വപ്‌നങ്ങളും. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഇങ്ങനെയൊരു നീലക്കുറിഞ്ഞിക്കാലത്താണ് ലീലാ മേനോന്‍ ക്യാന്‍സര്‍ ബാധിതയാകുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിലായിരുന്ന ലീലാ മേനോന് ഇനി ഏറിയാല്‍ ആയുസ് ആറ്മാസം എന്നാണ് ഡോക്ടര്‍ വിധിച്ചത്.
ക്യാന്‍സര്‍ വന്ന് ആറുമാസം ജീവിക്കാന്‍ വിധിവന്നിട്ടും മരിക്കുമെന്നവിശ്വാസം ലീലാമേനോന് തോന്നിയില്ല. തന്റെ മുന്നില്‍ ഇനിയും ജീവിതമുണ്ടെന്നായിരുന്നു തോന്നല്‍. വേദനിക്കുമ്പോഴും തുടരെ ഛര്‍ദിക്കുമ്പോഴും ബുദ്ധിയും മനസും ഈ രോഗം മാറിയാല്‍ എന്തെല്ലാം ചെയ്യാം എന്ന ആസൂത്രണത്തിലായിരുന്നു.
ലീലാ മേനോന്റെ ആത്മകഥ നിലയ്‌ക്കാത്ത സിംഫണിയില്‍നിന്ന്…
അന്ന് മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്തകാലമായിരുന്നു. നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ ഹൈറേഞ്ച് നീലപ്പട്ടുടയാട ചാര്‍ത്തിയപോലെ മനോഹരമായിരിക്കുമെന്ന് ഞാന്‍ കേട്ടിരുന്നു. അതിനെപ്പറ്റി അന്ന് എഴുതിയത് ജോണ്‍ മേരിയായിരുന്നു. അടുത്ത പ്രാവശ്യം നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ അത് ഞാന്‍ എഴുതുമെന്ന് ദൃഢനിശ്ചയം ചെയ്തു. നീലക്കുറിഞ്ഞി പൂക്കുന്നത് പന്ത്രണ്ടുകൊല്ലത്തിലൊരിക്കലാണ്. എന്നിട്ടും അത് എന്റെ ഭാവി അജണ്ടയില്‍ സ്ഥാനം നേടി. അതു കാണാനോ അതിനെപ്പറ്റി എഴുതാനോ എനിക്കായില്ല എന്നത് മറ്റൊരു കാര്യം.
സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും കരുതലായിരുന്ന ലീലാ മേനോന്റെ 356 പേജും ഒറ്റ അധ്യായവുമുള്ള ആത്മകഥയില്‍ നീലക്കുറിഞ്ഞിക്കുമുണ്ട് സ്ഥാനം. വാതിലില്‍ വന്നുമുട്ടിയ മരണത്തെ ആട്ടിയിറക്കാന്‍മനസിനെ പരുവപ്പെടുത്തുന്ന കൂട്ടത്തില്‍ നീലക്കുറിഞ്ഞി സ്വപ്‌നവുമുണ്ടായിരുന്നു ലീലാമേനോന്. ആയുസിന്റെ അമൃതായി ഉള്ളില്‍ വളര്‍ത്തിയ കുറിഞ്ഞിപ്പൂക്കളുടെ നീലപ്പരവതാനി. താനതില്‍ മേഞ്ഞു നടക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് ലീലാ മേനോന്‍ അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: