തിരുവനന്തപുരം: പുതിയ ബ്രുവറികളും ഡിസ്റ്റിലറിയും തുടങ്ങുന്നതിന് ആദ്യം തത്വത്തില്‍ അനുമതി നല്‍കുകയും പിന്നീട് പരിശോധനകള്‍ നടത്തുകയും ചെയ്യുമെന്ന മുഖ്യമന്ത്രിയുടേയും എക്സൈസ് മന്ത്രിയുടെയും തെറ്റായ സമീപനം ഉപേക്ഷിക്കണമെന്ന് വി.എം.സുധീരന്‍.
അനിവാര്യമായ പഠനങ്ങളോ പരിശോധനകളോ നടത്താതെ അനുമതി നല്‍കിയ ആറന്മുള വിമാനത്താവള പദ്ധതിയുടേയും പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയുടേയും കാര്യത്തില്‍ അതാത് കാലത്തെ ഇടതുമുന്നണി സര്‍ക്കാരുകള്‍ക്ക് പറ്റിയ ഗുരുതരമായ വീഴ്ചകളുടെ തനിയാവര്‍ത്തനമാണ് പുതിയ ബ്രുവറികളും ഡിസ്റ്റിലറിയും തുടങ്ങാനുള്ള സര്‍ക്കാര്‍ നടപടിയിലും കാണുന്നത്.
മദ്യലോബിയെ ഏത് വിധത്തിലും വഴിവിട്ട് സഹായിക്കാനുള്ള മുഖ്യമന്ത്രിയുടേയും എക്സൈസ് മന്ത്രിയുടേയും അമിത ആവേശവും വ്യഗ്രതയുമാണ് ഈയൊരു നിലയിലേക്ക് കാര്യങ്ങളെത്തിച്ച് വഷളാക്കിയത്. പ്രകൃതിക്ഷോഭത്തില്‍ പെട്ട് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യം പോലും ഇതേവരെ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാരിന്റെ മദ്യലോബിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലെ അമിതാവേശവും അതിലേറെ തിടുക്കവും പരിഹാസ്യമാണെന്നും വി.എം.സുധീരന്‍ പറഞ്ഞു.
















