ഹൈദരാബാദ്: തെലങ്കാന കോൺഗ്രസ് പ്രസിഡൻ്റ് എ രേവന്ത് റെഡ്ഡിക്കെതിരെ ഇൻകം ടാക്സ് വകുപ്പിന്റെ സമൻസ്. സമൻസിനെ തുടർന്ന് റെഡ്ഡി ബുധനാഴ്ച ഐടി ഉദ്യോഗസ്ഥർക്ക് മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായി. ഏഴ് മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് കിട്ടാൻ അനധികൃതമായി പണം നൽകിയെന്നതാണ് കേസ്.
ചോദ്യം ചെയ്യലിനു പുറമെ ഹൈദരാബാദിലെ 15ഓളം സ്ഥലങ്ങളിൽ ഐടി വിഭാഗം പരിശോധന നടത്തി. രേവന്തിന്റെ സഹോദരന്റെ കമ്പനിയിലും ഐടി വിഭാഗം പരിശോധന നടത്തിയിട്ടുണ്ട്. ഒക്ടോബർ 23ന് ഐടി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ റെഡ്ഡിയോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. റെഡ്ഡിക്കു പുറമെ അദ്ദേഹത്തോട് ഏറെ അടുപ്പം പുലർത്തുന്ന ഉദയ് സിൻഹ, ഹാരി സെബാസ്റ്റിൻ എന്നിവർക്ക് ഐടി വിഭാഗം നോട്ടീസ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേ സമയം തെലങ്കാന രാഷ്‌ട്ര സമിതി റെഡ്ഡിക്കെതിരെ കൂടുതൽ സമ്മർദ്ദം ചെലുത്തതിന്റെ ഭാഗമായിട്ടാണ് ഈ കേസെന്ന് കോൺഗ്രസ് ആരോപിച്ചു. തന്നെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജയിലിൽ കിടന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ടിആർഎസിന്റെ പരാജയം ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: