ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ദല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ വിശ്വാസികളുടെ പ്രതിഷേധം കൊടുങ്കാറ്റായി. ദല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും കൂടാതെ സമീപ പ്രദേശങ്ങളായ നോയിഡ, ഗുഡ് ഗാവ്, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഒഴുകിയെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങിയ വിശ്വാസ സഹസ്രങ്ങള്‍ നാമജപങ്ങളോടെയും ശരണം വിളികളോടെയും കേരളാ ഹൗസിലെത്തി പ്രോട്ടോകോള്‍ ഓഫീസര്‍ എം.സലീമിന് നിവേദനം സമര്‍പ്പിച്ചു.
പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള കോടതി വിധി കേരള സര്‍ക്കാര്‍ ധൃതഗതിയില്‍ പ്രാബല്യത്തില്‍ വരുത്തുവാനുള്ള നീക്കം ഉപേക്ഷിച്ച് പുന:പരിശോധനാ ഹര്‍ജിയും ഒപ്പം തന്നെ നിയമസഭയില്‍ പുതിയ ഓര്‍ഡിനന്‍സും കൊണ്ടുവരണമെന്നാണ് വിശ്വാസി സമൂഹത്തിന്റെ ആവശ്യം.
തലമുറകളായി കൈമാറി വരുന്ന കേരളത്തിലെ ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തുവാന്‍ സര്‍ക്കാരിനോ കോടതികള്‍ക്കോ അവകാശമില്ലെന്ന് അഖില ഭാരതീയ അയ്യപ്പധര്‍മ്മ പ്രചരണ സഭ ഡല്‍ഹി സെക്രട്ടറി രാധാകൃഷ്ണന്‍ വരേണിക്കല്‍ പറഞ്ഞു.
കേരളത്തിലെയും തമിഴ് നാട്ടിലേയും കര്‍ണ്ണാടകയിലെയും ആന്ധ്ര പ്രദേശിലേയും തെലങ്കാനയിലെയും വിശ്വാസികളായ സ്ത്രീ ജനങ്ങള്‍ ആരും തന്നെ 10-നും 50-നും ഇടക്കുളള പ്രായത്തില്‍ ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ ആഗ്രഹിക്കാത്തപ്പോള്‍ ആര്‍ക്കു വേണ്ടിയാണ് ഇത്തരത്തിലൊരു വിധി നടപ്പിലാക്കുന്നതെന്ന് അവര്‍ ചോദിച്ചു.
ആര്‍.കെ.പുരം അയ്യപ്പക്ഷേത്ര ഭാരവാഹികള്‍, മയൂര്‍ വിഹാര്‍ ഫേസ് – 3 ശ്രീധര്‍മ്മാശാസ്താ ക്ഷേത്ര ഭാരവാഹികള്‍, തലസ്ഥാന നഗരിയിലെ വിവിധ ക്ഷേത്ര ഭാരവാഹികള്‍, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ സി.കേശവന്‍കുട്ടി തുടങ്ങി വിവിധ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും നാമജപയാത്രാ യജ്ഞത്തില്‍ പങ്കെടുത്തു.
















