മട്ടാഞ്ചേരി: രണ്ടുതവണ മഹാത്മജിയുടെ പാദസ്പര്‍ശമേറ്റ കൊച്ചിയുടെ തീരത്ത് ഇന്ന് ഗാന്ധിജിയുടെയോ ആ ചരിത്രമുഹൂര്ത്തങ്ങളുടെയോ ഓര്‍മ്മകളൊന്നും അവശേഷിക്കുന്നില്ല. രാജ്യം രാഷ്ട്രപിതാവിന്റെ 150-ാം ജന്മദിനമാഘോഷിക്കുമ്പോള് കൊച്ചിയുടെ കടപ്പുറത്തിന് ഗാന്ധിജിയുമായും സ്വാതന്ത്ര്യസമരവുമായുമുള്ള ബന്ധം പുതുതലമുറയ്ക്ക് അജ്ഞാതമാണ്.
സ്വാതന്ത്രസമര കാലഘട്ടത്തില്‍ ജനകീയകൂട്ടായ്മയ്ക്കും വന്‍ സമ്മേളനങ്ങള്‍ക്കും വേദിയായ ഫോര്‍ട്ട് കൊച്ചി കടപ്പുറം രണ്ടുതവണ ഗാന്ധിജിയുടെ പാദസ്പര്ശത്താല് ധന്യമായിട്ടുണ്ട്, 1924ലും 1926ലും. കടപ്പുറത്ത് നടന്ന ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഗാന്ധിജിയുടെ ആഹ്വാനം കേട്ട് വ്യാപാരിയായ മധുരഭാസ് ആഷര്‍ കുടുംബം സമരത്തിനിറങ്ങി. സമരത്തിനുള്ള ചെലവുകള്‍ക്കായി സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങള്‍ വരെ ഗാന്ധിജിയുടെ പാദങ്ങളില്‍ സമര്‍പ്പിച്ചതും ചരിത്രം. 58 ഏക്കര്‍ വരുന്ന കടല്‍ത്തീരത്ത് നടന്ന സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഈ പ്രദേശത്തെ ഒട്ടേറെ പേര് സ്വാതന്ത്രസമരത്തിന്റെ മുന്‍നിരയിലെത്തുന്നതിനും ഗാന്ധിജിയുടെ സന്ദര്‍ശനം കാരണമായി.
എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഉജ്വലമായ ആ ചരിത്രമുഹൂര്‍ത്തങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒന്നും തന്നെ ഇവിടെ ബാക്കിയായില്ല. പിന്നീട് ഗാന്ധിജിയുടെ ജന്മശതാബ്ദി വേളയില്‍ ‘മഹാത്മ ഗാന്ധി കടപ്പുറ’മെന്ന് നാമകരണം ചെയ്യപ്പെട്ടെങ്കിലും ഈ തീരത്തോടുള്ള അവഗണന പിന്നെയും തുടരുകയായിരുന്നു. കാല്‍നൂറ്റാണ്ടുകൂടി പിന്നിട്ട ശേഷം 125-ാം ജന്മവാര്ഷിക വേളയില്‍ കൊച്ചി കോര്പ്പറേഷന് കടപ്പുറത്ത് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച ഗാന്ധി പ്രതിമയും സ്മൃതി മണ്ഡപവും പ്രഖ്യാപനത്തില്‍ ഒതുങ്ങി. തീരസംരക്ഷണത്തിലെ അലംഭാവം മൂലം ഇന്ന് കൊച്ചിയുടെ ചരിത്ര കടപ്പുറം വിസ്മൃതിയിലായിക്കഴിഞ്ഞു. തകര്‍ന്നടിഞ്ഞ കടല്‍ഭിത്തികളും മാലിന്യക്കൂമ്പാരങ്ങളും തെരുവുനായകളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യവുമൊക്കെ ചരിത്രമുറങ്ങുന്ന ഈ തീരത്തെ ജനങ്ങളില്‍ നിന്ന് അകറ്റുന്നു.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: