മക്കളേ, വര്‍ഷങ്ങളായി ക്ഷേത്രങ്ങളില്‍ പോകുകയും ഈശ്വരനോടു പ്രാര്‍ഥിക്കുകയും ചെയ്തിട്ടും ഇപ്പോഴും ശരിയായ ശാന്തിയും സമാധാനവും അനുഭവിക്കുവാന്‍ കഴിയുന്നില്ലെന്നു പല മക്കളും പറയാറുണ്ട്. ആദ്ധ്യാത്മികജീവിതം എന്നതു ദിവസവും കുറച്ചുനേരം പ്രാര്‍ഥിക്കുകയോ ധ്യാനിക്കുകയോ ചെയ്യുന്നതു മാത്രമല്ല. നമ്മുടെ ഓരോ ചിന്തയും ഓരോ വാക്കും ഓരോ പ്രവൃത്തിയും ആദ്ധ്യാത്മികസംസ്കാരം ഉള്‍ക്കൊള്ളുന്നതാകണം. അഹങ്കാരവും സ്വാര്‍ഥതയും ക്രൂരതയും മനസ്സില്‍ നിന്നകലാത്തിടത്തോളം ശാന്തിയനുഭവിക്കുവാനുള്ള എല്ലാ ശ്രമങ്ങളും
പാഴായിപ്പോവുകയേ ഉള്ളൂ. അരയില്‍ ഭാരം കെട്ടിത്തൂക്കി നീന്തല്‍മത്സരത്തില്‍ പങ്കെടുക്കുന്നവരെപ്പോലെയാണ് അവരുടെ സ്ഥിതി. നിസ്വാര്‍ഥവും ലോകോപകാരപ്രദവുമായ കര്‍മങ്ങള്‍ ചെയ്യുന്നതിലൂടെ ഹൃദയശുദ്ധി കൈവരും. അപ്പോള്‍ മാത്രമേ യഥാര്‍ഥ മനഃശാന്തി അനുഭവിക്കുവാന്‍ കഴിയൂ. മറ്റുള്ളവരെ സഹായിക്കുമ്പോള്‍ അറിയാതെ നമ്മള് നമ്മെത്തന്നെ ഉദ്ധരിക്കുകയാണു ചെയ്യുന്നത്. ഇക്കാരണംകൊണ്ടാണ് ദാനധര്മങ്ങള്ക്കു നമ്മുടെ സംസ്കാരത്തില്‍ വളരെയധികം
പ്രാധാന്യം കൈവന്നത്. കുടുംബവരുമാനത്തിന്റെ ആറിലൊന്ന് ദാനധര്‍മങ്ങള്‍ക്കായി നീക്കിവയ്ക്കണം എന്ന വ്യവസ്ഥപോലും പണ്ടുണ്ടായിരുന്നു. എന്നാല്‍, ആ സംസ്കാരം ഇന്നു സമൂഹത്തില്‍നിന്ന് അപ്രത്യക്ഷമാവുകയാണോ എന്നു സംശയം തോന്നുന്നു. ദാനധര്‍മങ്ങള്‍ ചെയ്യുന്നവര്‍തന്നെ പലപ്പോഴും ദാനത്തിന്റെ തത്ത്വം മനസ്സിലാക്കുന്നില്ല. ക്ഷേത്രത്തിനു ട്യൂബ്ലൈറ്റ് സമര്‍പ്പിച്ചശേഷം വെളിച്ചം മറയത്തക്കവിധത്തില്‍ അതില്‍ സ്വന്തം പേര് വലിയ അക്ഷരത്തിലെഴുതി വയ്ക്കുന്ന തരത്തിലുള്ള ദാനമാണ് ഇന്നു പലപ്പോഴും കാണാറുള്ളത്. ദാനം ചെയ്യുമ്പോള്‍ അത് ഏതു മനോഭാവത്തോടെ ചെയ്യുന്നു എന്നതു വളരെ പ്രധാനമാണ്. ദാനം പേരും പെരുമയും ലക്ഷ്യമാക്കി ആകരുത്. അമ്മ ഒരു കഥ ഓര്‍ക്കുന്നു. മുറം ഉണ്ടാക്കി വിറ്റിട്ടാണു പാക്കനാര്‍ ഉപജീവനം നടത്തിയിരുന്നത്. ഒരു ദിവസത്തെ ചെലവിന് ഒരു മുറം വിറ്റു കിട്ടുന്ന പണം മതിയാകുമായിരുന്നു. ബാക്കി വരുന്ന മുറങ്ങള്‍ അദ്ദേഹം ദാനം ചെയ്യാന്‍ ആഗ്രഹിച്ചു. എന്നാല്‍, താന്‍ ദാനം ചെയ്യുന്ന കാര്യം ആരും അറിയരുതെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. അതിന് അദ്ദേഹം ഒരു വഴി കണ്ടെത്തി. മുറം വില്‍ക്കാനായി പത്തു മുറമെടുത്തു വീടുകളില്‍ കയറും. മുറത്തിനു വലിയ വില പറയും. വീട്ടുകാര്‍ വാങ്ങിക്കില്ല. അപ്പോള്‍ അദ്ദേഹം പറയും, ”ഈ മുറം ഇവിടെ ഒന്നു സൂക്ഷിക്കാമോ. ഞാന്‍ അല്‍പ്പം കഴിഞ്ഞു വന്നെടുത്തോളാം”. വീട്ടുകാര്‍ സമ്മതിക്കും. അല്പം കഴിഞ്ഞു വന്ന് എന്റെ 9 മുറം തരൂ എന്നു പറയും. എന്നാല്‍ വീട്ടുകാര്‍ നോക്കുമ്പോള്‍ ഒന്‍പതല്ല പത്തു മുറമുണ്ടാകും.
വിദ്യാഭ്യാസമില്ലാത്ത പാക്കനാര്‍ക്ക് എണ്ണം തെറ്റി എന്നു കരുതി ഒരു മുറം അവര്‍ എടുത്തുവയ്ക്കും. ബാക്കി കൊടുക്കും. അടുത്ത വീട്ടിലും ഇതുതന്നെ ആവര്‍ത്തിക്കും. ഇതേ രീതിയില്‍ ഒന്‍പതു മുറവും അദ്ദേഹം ആരുമറിയാതെ ദാനം ചെയ്യും. അന്നത്തെ ചെലവിനുവേണ്ടി അവസാനത്തെ ഒരു മുറം ന്യായമായ വിലയ്ക്കു വില്‍ക്കുകയും ചെയ്യും. ഇങ്ങനെ പാക്കനാര്‍ ആരുമറിയാതെ ദാനം ചെയ്തുവന്നു. ദാനം എങ്ങനെ വേണം എന്നതിന് ഉത്തമ മാതൃകയാണു പാക്കനാര്‍ ഇതിലൂടെ നമുക്കു നല്‍കുന്നത്. എന്തു ദാനം ചെയ്യുന്നു എന്നതല്ല, ഏതു മനോഭാവത്തോടെ, എത്ര ത്യാഗം സഹിച്ചു നല്കുന്നു എന്നതാണു ദാനത്തെ മഹത്തരമാക്കുന്നത്. ദാനത്തിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കി ദാനത്തെ മൂന്നായി തിരിക്കാം. സ്വീകരിക്കുന്നയാളെ ഈശ്വരസ്വരൂപമായി കണ്ടു ദാനം ചെയ്യുക, വളരെയേറെ ത്യാഗം സഹിച്ചു ദാനം ചെയ്യുക, ഒന്നും തിരികെ പ്രതീക്ഷിക്കാതെ ദാനം ചെയ്യുക. ഈ ഗുണങ്ങളെല്ലാം ചേര്‍ന്നാല്‍ ഉത്തമദാനമായി. പട്ടിണികൊണ്ടു വിശന്നു തളര്‍ന്നിരിക്കുമ്പോള്‍ തനിക്കു കിട്ടിയ ആഹാരം വിശന്നിരിക്കുന്ന മറ്റൊരാളുമായി സ്േനഹപൂര്‍വം പങ്കുവയ്ക്കുന്നുവെങ്കില്‍ അത് ഉത്തമദാനമാണ്. പുണ്യവും പ്രശസ്തിയും ആഗ്രഹിച്ചുകൊണ്ടു കഴിവിനനുസരിച്ചു ദാനം ചെയ്യുന്നതു മധ്യമദാനമാണ്.
ഒരു ധനികന് പ്രശസ്തിക്കുവേണ്ടി സാധുക്കളായ ആയിരക്കണക്കിനാളുകള്‍ക്കു വിഭവസമൃദ്ധമായ സദ്യയും വസ്ര്തങ്ങളും നല്‍കുന്നത് ഇതിനൊരു ഉദാഹരണമാണ്. തനിക്കു കഴിയുന്നതിലും വളരെക്കുറച്ചുമാത്രം, അഹങ്കാരഭാവത്തോടെ ദാനം ചെയ്യുന്നത് അധമദാനമാണ്. ധനികനായ ഒരാള്‍ നിന്ദാഭാവത്തില്‍ ഒരു രൂപാനാണയം ഒരു യാചകന് എറിഞ്ഞുകൊടുക്കുന്നതും അധമദാനമാണ്. ദാനം സ്വീകരിക്കുന്ന ആളിന്റെ യോഗ്യതയും പ്രധാനമാണ്. അധ്വാനിക്കാതെ മടിയന്മാരായിരിക്കുന്നവര്ക്കു ദാനം ചെയ്താല്‍ അവര്‍ കൂടുതല്‍ മടിയന്മാരാകും. ദുശ്ശീലങ്ങള്‍ ഉള്ളവര്‍ക്കു ദാനം ചെയ്താല്‍ അതവര് ദുശ്ശീലങ്ങള്‍ക്കായി ഉപയോഗിച്ചേക്കാം. വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കാം. രോഗികള്‍ക്കു മരുന്നു നല്‍കാം. വസ്ര്തമില്ലാത്തവര്ക്കു വസ്ര്തം നല്‍കാം.
ഇങ്ങനെ ആവശ്യവും അര്‍ഹതയും അറിഞ്ഞു വേണം ദാനം ചെയ്യാന്‍. സ്േനഹവും ആദരവും സേവനമനോഭാവവുമായിരിക്കണം ദാനത്തിനു പ്രേരകമായിത്തീരേണ്ടത്. ദാനത്തിന്റെ മഹത്ത്വവും തത്ത്വവും അറിഞ്ഞുകൊണ്ടു ദാനം ചെയ്യുന്നത് ആദ്ധ്യാത്മികമായി മാത്രമല്ല, ഭൗതികമായിപ്പോലും നമ്മെ ഉയര്‍ച്ചയിലേക്കു നയിക്കും. ശരിയായ മനോഭാവത്തോടെ ദാനം നല്കുന്ന ഒരാളുടെ ഹൃദയത്തില്‍നിന്നു സ്വാര്‍ഥതയും അഹങ്കാരവും അകന്നുപോകും. അവിടെ ശാന്തിയും ആനന്ദവും നിറയും.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: