കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ സമ്പൂര്‍ണ്ണ സിപിഎം വല്ക്കരണമെന്ന പരാതി ശക്തമായതോടെ പാര്‍ട്ടി നടപടിയ്ക്കെതിരെ പ്രതിഷേധം വ്യാപകമായി. ഉദ്ഘാടനത്തിനൊരുങ്ങുന്ന വിമാനത്താവളത്തില്‍ ആവശ്യമായി വരുന്ന തസ്തികകളിലേക്കും കരാര്‍ ജോലികള്‍ക്കും ഉള്‍പ്പെടെയുളള എല്ലാ മേഖലയിലും മറ്റ് പാര്‍ട്ടിക്കാരെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തി സിപിഎമ്മുകാരെ മാത്രം നിയമിക്കുന്നതായാണ് പരാതി.
വിമാനത്താവള കമ്പനിയായ കിയാലിന്റെ ഉന്നത തസ്തികകളിലെല്ലാം സംസ്ഥാന ഭരണത്തിന്റെ പിന്‍ബലത്തില്‍ ആദ്യഘട്ടത്തില്‍ത്തന്നെ തങ്ങളുടെ ഇഷ്ടക്കാരേയും സഹയാത്രികരേയും പാര്‍ട്ടി നേതാക്കളുടേയും മന്ത്രിമാരുടേയും ബന്ധുമിത്രാദികളേയും തിരുകിക്കയറ്റിയിരുന്നു. ഇതേ പാര്‍ട്ടിനേതൃത്വം വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനുളള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴും ഇത്തരം നടപടികള്‍ നിര്‍ബാധം തുടരുകയാണ്.
ഏറ്റവുമൊടുവില്‍ വിമാനത്താവള ടെര്‍മിനലിന് പുറത്തുളള ലേബര്‍ കാന്റീന് സിപിഎം നേതൃത്വത്തിലുളള സൊസൈറ്റിക്ക് നല്കി. ടെണ്ടര്‍ പോലും നടത്താതെയാണ് കാന്റീന് സൊസൈറ്റിക്ക് നല്‍കിയിരിക്കുന്നത്. സുതാര്യമായി ടെണ്ടര്‍ വിളിച്ച് വേണം കരാര്‍ ജോലികളെല്ലാം നല്കാനെന്നിരിക്കെ എല്ലാ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി ഏകപക്ഷീയമായി പാര്‍ട്ടി തീരുമാനം നടപ്പാക്കുകയാണ്. പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിന് ടെണ്ടര്‍ വിളിച്ച് കരാര്‍ നല്‍കണമെന്നിരിക്കെ സിപിഎമ്മുകാരനായ വ്യക്തിക്ക് നേരിട്ട് നല്‍കിയിരിക്കുകയാണ്. ആദ്യം ടെണ്ടറിലൂടെ ഫീസ് പിരിക്കാന്‍ ചുമതല നല്കിയ ആളെ സ്ഥിരപ്പെടുത്താതെ ഒഴിവാക്കിയാണ് പാര്ട്ടിക്കാരന് ഫീസ് പിരിക്കാന്‍ നല്‍കിയിരിക്കുന്നത്.
വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ ആവശ്യമായി വരുന്ന താഴെത്തട്ടിലുളള എല്ലാ ജോലികള്‍ക്കും നിലവില്‍ എല്‍ആന്‍ടി കമ്പനിക്ക് കീഴില്‍ ജോലി ചെയ്യുന്ന തദ്ദേശവാസികളായ തൊഴിലാളികളെ നിയമിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇതെല്ലാം അവഗണിച്ച് സ്വന്തക്കാരായ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുകയാണ്. എല്‍ആന്‍ടി കമ്പനി ലിസ്റ്റ് നല്‍കാത്തതാണ് പുതിയ തൊഴിലാളികളെ എടുക്കാന്‍ കാരണമെന്നാണ് വിശദീകരണം. എന്നാല്‍ എല്ആന്ടിയിലെ കല്ല്യാശ്ശേരി സ്വദേശിയായ സിപിഎമ്മുകാരനായ ജീവനക്കാരനാണ് ഇതിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കാലങ്ങളായി തൂപ്പുജോലിയും മറ്റും ചെയ്യുന്ന കുടുംബശ്രീക്കാരായ തൊഴിലാളികളില്‍ നിന്നും സിപിഎം ഇതര പാര്‍ട്ടിക്കാരായ സ്ത്രീ തൊഴിലാളികളെ ഒഴിവാക്കി ഇതേ തസ്തികകളില്‍ പുതുതായി നിയമനം നടത്തുകയാണെന്ന ആരോപണവും ഉണ്ട്. ജോലി ആവശ്യമുളളവര്‍ മട്ടന്നൂര്‍ നഗരസഭാ വൈസ് ചെയര്‍മാനും സംസ്ഥാനത്തെ മന്ത്രിയുടെ ഭര്‍ത്താവുമായ സിപിഎം നേതാവിന്റെയും വിമാനത്താവളം സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്റെ ഭരണസാരഥ്യം വഹിക്കുന്ന പാര്‍ട്ടി നേതാവിന്റെയും ശുപാര്‍ശയുമായി എത്തിയാല്‍ ജോലിയും കരാറും ലഭിക്കുന്ന സ്ഥിതിയാണ് വിമാനത്താവളത്തിലുളളതെന്നും നാട്ടുകാര്‍ പറയുന്നു. വിമാനത്താവള കമ്പനിയായ കിയാലിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും ആരോപണമുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരം കാത്തുകിടക്കുന്ന വിമാനത്താവളത്തില്‍ നടക്കുന്ന സിപിഎം ഏകാധിപത്യ വാഴ്ച വിമാനത്താവളത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: